പാലം അപകടത്തിൽ, കോടികൾ പാഴായി: പാലാരിവട്ടം പാലം പുനരുദ്ധാരണം അനിവാര്യമെന്ന് ഇ. ശ്രീധരന്റെ റിപ്പോർട്ട്
കൊച്ചി : നിർമ്മാണത്തിലെ അപാകതകൾ നിമിത്തം അപകടാവസ്ഥയിലായ പാലാരിവട്ടം മേൽപ്പാലത്തിൽ പരിശോധന നടത്തിയ ഡി.എം.ആർ.സി ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ റിപ്പോർട്ടിലെ വിവരങ്ങൾ മന്ത്രി ജി.സുധാകരൻ നിയമസഭയിൽ വെളിപ്പെടുത്തി. പാലം പൂർണമായി പുനരുദ്ധാരണം നടത്തിയ ശേഷം മാത്രമേ ഗതാഗതത്തിന് തുറന്ന് കൊടുക്കാവൂ എന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം പാലം പൊളിച്ച് മാറ്റി പുതിയത് പണിയണമോ വേണ്ടയോ എന്നത് ചർച്ച ചെയ്ത് മാത്രമേ തീരുമാനിക്കുകയുള്ളൂവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞു. മേൽപ്പാലത്തിന്റെ ബലക്ഷയത്തെ സംബന്ധിച്ച് ഇ.ശ്രീധരന് പുറമേ ചെന്നൈ ഐ.ഐ.ടിയും പഠനം നടത്തിയിരുന്നു. ഈ രണ്ട് റിപ്പോർട്ടുകളും പരിശോധിച്ച ശേഷമേ നിർണായക തീരുമാനത്തിലേക്ക് സർക്കാർ കടക്കുകയുള്ളുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
പാലാരിവട്ടം മേൽപ്പാലത്തിൽ ടാറിളകി കുഴികൾ രൂപപ്പെട്ടതോടെയാണ് അറ്റകുറ്റപണികളിലേക്ക് സർക്കാരിന്റെ ശ്രദ്ധ പതിഞ്ഞത്. എന്നാൽ സർക്കാർ എൻജിനീയർമാരുടെ പരിശോധനയിൽ പാലത്തിന് ബലക്ഷയം സംഭവിച്ചതായി സംശയം തോന്നിയതോടെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് തീരുമാനമായത്. ചെന്നൈ ഐ.ഐ.ടിയുടെ പരിശോധനയിൽ പാലം നിർമ്മാണത്തിനായി വേണ്ടത്ര സിമന്റ് ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പാലം നിർമ്മാണം ആരംഭിച്ചിരുന്നത്. തുടർന്ന് പാലം നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാൻ വിജിലൻസിനോട് സർക്കാർ ആവശ്യപ്പെടുകയും കരാർ സമ്പാദിച്ച നിർമ്മാണ കമ്പനിയെയടക്കം അന്വേഷണ പരിധിയിൽ കൊണ്ട് വരികയും ചെയ്തിരുന്നു.
പാലം അറ്റകുറ്റപണിയ്ക്കിടെയാണ് ഇ.ശ്രീധരന്റെ നേതൃത്വത്തിൽ നിർണായക പരിശോധന നടന്നത്. പാലം നിർമാണത്തിൽ ഉണ്ടായ പ്രശ്നങ്ങളും അറ്റകുറ്റപ്പണിക്കു ശേഷമുള്ള പാലത്തിന്റെ അവസ്ഥയും സംഘം നേരിട്ടു വിലയിരുത്തിയ ശേഷം കണ്ടെത്തലുകൾ സംബന്ധിച്ചുള്ള റിപ്പോർട്ട് സർക്കാരിനു നൽകുകയായിരുന്നു.