നെടുങ്കണ്ടം കസ്റ്റഡി മരണം: മുൻ എസ്.ഐയെ റിമാൻഡ് ചെയ്തു, കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ഡി.ജി.പി

Thursday 04 July 2019 4:55 PM IST

കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതിയായ മുൻ എസ്.ഐ കെ.എ സാബുവിനെ റിമാൻഡ് ചെയ്തു. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സാബുവിന് ഹൃദ്രോഗമില്ലെന്ന് ഡോക്ടർമാർ മജിസ്‌ട്രേറ്റിന് മൊഴി നൽകിയിരുന്നു. അതേസമയം രാജ്കുമാർ ക്രൂരമായ മർദനത്തിനിരയായെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. അന്വേഷണ റിപ്പോർട്ടിൽ പൊലീസുകാർക്കെതിരെ തെളിവ് ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പീരുമേട് ജയിൽ സൂപ്രണ്ട് എത്തിയാൽ സാബുവിനെ ജയിലിലേക്ക് കൊണ്ടുപോകും. മജിസ്‌ട്രേറ്റ് നേരിട്ട് മെഡിക്കൽ കോളേജിലെത്തിയിരുന്നു.

രാജ്കുമാറിനെ മറ്റ് പൊലീസുകാർ മർദിച്ചപ്പോൾ അത് തടയാതെ സാബുവും അവരോടൊപ്പം ചേർന്നു. തെളിവെടുപ്പിന് കൊണ്ടുപോയതും, പണം കണ്ടെത്താൻ സാധിക്കാത്തതും എസ്.പി കെ.ബി വേണുഗോപാലിനെ അറിയിച്ചിരുന്നെന്നും അതിന് ശേഷം എസ്‌.പിയുടെ നിർദേശപ്രകാരമാണ് രാജ്കുമാറിനെ അനധികൃതമായി തടങ്കലിൽവച്ചതെന്നും, സാബു ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. കൂടാതെ ഡി.ഐ.ജിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് എസ്.പി പറഞ്ഞതായും സാബു മൊഴി നൽകി.

കൂടാതെ കട്ടപ്പന ഡി.വൈ.എസ്.പിക്കും ഇക്കാര്യം അറിയാമായിരുന്നെന്നും സാബു അന്വേഷണ സംഘത്തോട് പറഞ്ഞു. രാജ്കുമാറിന്റെ മരണത്തിൽ ജയിൽ അധികൃതരുടെ പങ്കിനെപ്പറ്റിയുള്ള അന്വേഷണം അവസാനഘട്ടത്തിലാണ്. കുറ്റകൃത്യത്തിൽ പങ്കുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജയിൽ ഡി.ജി. പി ഋഷിരാജ് സിംഗ് വ്യക്തമാക്കിയിരുന്നു.

കേസിൽ നാല് പേരാണ് മുഖ്യ പ്രതികളായിട്ടുള്ളത്. ഇവർക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജൂൺ 12 ന് വൈകീട്ട് അഞ്ച് മണി മുതൽ രാജ്കുമാർ അനധികൃത കസ്റ്രഡിയിൽ ക്രൂരമായ മർദനത്തിനിരയായി. മർദനത്തെത്തുടർന്നുണ്ടായ ആന്തരിക അവയവങ്ങളിലെ മുറിവുകളാണ് രാജ്കുമാറിന്റെ മരണത്തിനിടയാക്കിയ ന്യൂമോണിയയ്ക്ക് കാരണമെന്ന് ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥനായ ജോൺസൺ ജോസഫിന്റെ റിപ്പോർട്ടിലുണ്ട്.