എംഎസ്എഫ് പ്രവർത്തകരെ കൈവിലങ്ങണിയിച്ച സംഭവം; എസ് ഐയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
കോഴിക്കോട്: ഹയർ സെക്കന്ററി സീറ്റ് വർദ്ധനവ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എംഎസ്എഫ് പ്രവർത്തകരെ കൈവിലങ്ങണിയിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. എംഎസ്എഫ് പ്രവർത്തകരെ വിലങ്ങുവച്ച സംഭവത്തിൽ കൊയിലാണ്ടി എസ്ഐക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
അഭിഭാഷകൻ ടി ടി മുഹമ്മദ് അഫ്രീൻ നൂഹ്‌മാനെയും എൽഎൽബി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഫസ്വീഹ് മുഹമ്മദിനെയും എസ്ഐ കൈയാമംവച്ച് പൊതുജനങ്ങൾക്കിടയിലൂടെ നടത്തി അപമാനിച്ചെന്ന പരാതിയിലാണ് നടപടി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്‌സണും ജുഡിഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ഉത്തരവിട്ടു. ആഗസ്റ്റിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മലബാറിലെ ഹയർസെക്കന്ററി സീറ്റ് വർദ്ധനവിൽ പ്രതിഷേധിച്ച് മന്ത്രി ശിവൻകുട്ടിയെ കൊയിലാണ്ടിയിൽ വെച്ച് കരിങ്കൊടി കാണിച്ചതിനായിരുന്നു പ്രവർത്തകർ പിടിയിലായത്. ജൂൺ 25 ന് ഉച്ചയ്ക്കാണ് സംഭവം. ഫസ്വീഹ് മുഹമ്മദ് കാഴ്ച പരിമിതനാണെന്ന് പൊലീസുകാരനോട് പറഞ്ഞിട്ടും തങ്ങളെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊയിലാണ്ടി സ്റ്റേഷനിലെത്തിച്ച് കൈവിലങ്ങ് അണിയിക്കുകയായിരുന്നു. ഫസ്വീഹിന് തലക്കറക്കമുണ്ടായെങ്കിലും ചികിത്സ നിഷേധിച്ചു. തെറി വിളിക്കുകയും കൊടുംകുറ്റവാളികളെപ്പോലെ വിലങ്ങണിയിച്ച് റോഡിലൂടെ നടത്തുകയും ചെയ്തു. എസ്ഐ അനീഷാണ് കൈവിലങ്ങ് അണിയിച്ചതെന്ന് പരാതിയിൽ പറയുന്നു.