വ്യാജ സർ‌ട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

Friday 14 July 2023 1:59 PM IST

കൊച്ചി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.കോമിന് പ്രവേശനം നേടിയ സംഭവത്തിൽ എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിന് ജാമ്യം. കർശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ജസ്‌റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് നിഖിലിന് ജാമ്യമനുവദിച്ചത്. ജൂൺ 23നാണ് നിഖിൽ കേസിൽ പിടിയിലാകുന്നത്.

സംഭവം വിവാദമായതോടെ ഒളിവിൽ പോയ നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. കായംകുളം മാർക്കറ്റ് ബ്രാഞ്ചംഗമായിരുന്നു നിഖിൽ.പാർട്ടി ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. കായംകുളത്തെ എം‌എസ്‌എം കോളേജിലെ രണ്ടാം സെമസ്‌റ്റ‌ർ എം.കോം വിദ്യാർത്ഥിയായിരുന്ന നിഖിൽ എം.കോം പ്രവേശനത്തിന് വേണ്ടി ഹാജരാക്കിയ ഛത്തീസ്‌ഗഡിലെ കലിംഗ സർവകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റാണ് വ്യാജമാണെന്ന് തെളിഞ്ഞത്. ബി.കോം ഡിഗ്രി സർട്ടിഫിക്കറ്റടക്കം അഞ്ച് രേഖകളാണ് വ്യാജമായി നിർമ്മിച്ചത്.

കൊച്ചിയിലെ 'ഓറിയോൺ എഡ്യു വിംഗ്' എന്ന സ്ഥാപനത്തിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചത്. സ്ഥാപന ഉടമ സജു എസ്. ശശിധരനും കേസിൽ പിടിയിലായിരുന്നു. കേസിൽ നിഖിലിന് വ്യാജ സർ‌ട്ടിഫിക്കറ്റിനായി രണ്ടാപ്രതി അബിൻ എസ്.രാജ് ആദ്യമായി സമീപിച്ചത് സജുവിനെയായിരുന്നു. എസ്.എഫ്.ഐ ഭാരവാഹിത്വമടക്കം നഷ്‌ടപ്പെടാതിരിക്കാനായിരുന്നു നിഖിൽ തോമസ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്.