ഫ്രഞ്ച് പയ്യന്റെ കൈപിടിച്ച് മലയാളി പെൺകുട്ടി...
കൂത്താട്ടുകുളം: ഫ്രഞ്ച് സംഗീതത്തിന്റെ അകമ്പടിയിൽ പരമ്പരാഗത കേരളീയ വേഷത്തിൽ വരൻ ഫ്രാൻസ് സ്വദേശി തിയോ മന്ത്രക്കോടിയിൽ അതി സുന്ദരിയായി തിരുമാറാടി സ്വദേശിനി റിനു. പുരോഹിതന്റെ വാക്കുകൾ ഏറ്റുചൊല്ലി അതിരുകളുടെ ദൂരം താണ്ടി ഇരുവരും ജീവിതത്തിലേക്ക് കടന്നു. ആഘോഷത്തിനുമപ്പുറം കൗതുകം നിറഞ്ഞ വിവാഹാഘോഷമായിരുന്നു ഇന്നലെ തിരുമാറാടി കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് സിറിയൻ യാക്കോബായ പള്ളിയിൽ നടന്നത്. യാക്കോബായ പരമ്പരാഗത ആചാരങ്ങളോടെയായിരുന്നു വിവാഹം. ഇരുകൂട്ടരുടെയും രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
കുട്ടൂർ പുത്തൻപുര ജോർജ്ജ് ജോൺ - ആലീസ് ജോർജ്ജ് ദമ്പതികളുടെ മകളാണ് റിനു. സഹോദരൻ എൽദോ. ഡൽഹിയിൽ എം.ബി.എ പഠനം പൂർത്തിയാക്കി രണ്ട് വർഷമായി കാനഡയിലെ പ്രമുഖ ബിസിനസ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് റിനു. അവിടെ തന്നെ ജോലിയുള്ള ഫ്രഞ്ച് സ്വദേശി തിയോയുമായി പരിചയപ്പെടുകയും വിവാഹം കഴിക്കാൻർ തീരുമാനിക്കുകയുമായിരുന്നു.റിനുവിന്റെ ഇഷ്ടത്തിന് മാതാപിതാക്കളും സമ്മതം മൂളിയതോടെ ഒരു മാസം മുന്നേ കാനഡയിൽ വച്ച് മോതിരം മാറി. എന്നാൽ വിവാഹം നാട്ടിൽ തന്നെ നടത്തണമെന്ന് റിനുവിന്റെ ആഗ്രഹമായിരുന്നു.
തിയോയുടെ പിതാവ് അലൻ റേഡിയോളജിസ്റ്റും മാതാവ് മരിയ ഗൈനക്കോളജിസ്റ്റുമാണ്.ഒരു സഹോദരിയും രണ്ട് സഹോദരങ്ങളും തിയോക്കുണ്ട്. 23 പേരടങ്ങുന്ന ഫ്രഞ്ച് കല്യാണ സംഘം രണ്ടാഴ്ച മുന്നേ കേരളത്തിലെത്തിയിരുന്നു. ഒരാഴ്ച കൂടി കേരള സന്ദർശനം നടത്തിയതിനു ശേഷമേ ഇവർ കാനഡയിലേക്ക് മടങ്ങൂ.