ശിവഗിരി ട്രസ്റ്റ് : സമിതികൾ ഒഴിവാക്കി
കൊച്ചി : ശിവഗിരി ധർമ്മ സംഘം ട്രസ്റ്റിന്റെ ഭരണം നിരീക്ഷിക്കാൻ നിയോഗിച്ച ഒബ്സർവറുടെയും (നിരീക്ഷകൻ ) മോണിട്ടറിംഗ് (നിരീക്ഷണ) സമിതിയുടെയും സേവനം ഹൈക്കോടതി ഒഴിവാക്കി. ട്രസ്റ്റിന്റെ ഭരണത്തിൽ കെടുകാര്യസ്ഥത ഉണ്ടെന്നും മോണിട്ടറിംഗ് സമിതി പുന:സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സ്വാമി സുകൃതാനന്ദ, സ്വാമി കൃഷ്‌ണാനന്ദ, സ്വാമി അനപേക്ഷാനന്ദ തുടങ്ങിയവർ നൽകിയ ഉപഹർജി ഡിവിഷൻ ബെഞ്ച് തള്ളുകയും ചെയ്തു.
ശിവഗിരി ധർമ്മ സംഘം ട്രസ്റ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഗണിക്കുന്ന ആറ്റിങ്ങൽ സബ് കോടതിയിൽ മറ്റ് വിഷയങ്ങൾ ഉന്നയിക്കാമെന്ന് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ധർമ്മ സംഘം ട്രസ്റ്റിന്റെ ഭരണകാര്യങ്ങൾ നിരീക്ഷിക്കാൻ 2017 ജനുവരി 31 ന് മുൻ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ടി.വി. രാമകൃഷ്‌ണനെ നിരീക്ഷകനായി നിയമിച്ചിരുന്നു. 2017 സെപ്തംബർ 26 ന് മുൻ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എൻ.കെ. ബാലകൃഷ്‌ണൻ ചെയർമാനായ മൂന്നംഗ താൽക്കാലിക നിരീക്ഷണ സമിതിയെയും വച്ചു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ശിവഗിരി ട്രസ്റ്റ് ബോർഡിനും എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ട്രസ്റ്റിന്റെ സത്കീർത്തിയും ക്ഷേമവും സംരക്ഷിക്കാൻ ഉത്തരവാദിത്വമുണ്ട്. . നിരീക്ഷണ സമിതി പുന:സംഘടിപ്പിക്കേതില്ലെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.