കണ്ണീരണിഞ്ഞ്  തലസ്ഥാനം,  ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിച്ചു

Tuesday 18 July 2023 2:46 PM IST

തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തലസ്ഥാനത്ത് എത്തിച്ചു. ബംഗളൂരുവിൽ നിന്നും പ്രത്യേക വിമാനത്തിൽ രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ വിമാനത്താവളത്തിൽ എത്തിയത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിച്ചു.

പുതുപ്പള്ളി ഹൗസിലെ പൊതുദർശനത്തിന് ശേഷം ഇന്ന് വൈകിട്ട് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന്, അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോൾ പോയിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനം ഉണ്ടാകും. ശേഷം, കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. രാത്രി തിരുവനന്തപുരത്തെ വസതിയിലേയ്ക്കു തന്നെ മൃതദേഹം കൊണ്ടുപോകും.

ഉമ്മൻചാണ്ടിയുടെ കുടുംബത്തെ സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ഉമ്മൻചാണ്ടിയെ കാണാൻ പാതയ്ക്ക് ചുറ്റും ജനങ്ങൾ തിക്കി തിരക്കി. പലർക്കും കണ്ണീരടക്കാനായില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ രാവിലെ തന്നെ തലസ്ഥാനത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓർമകൾ പങ്കുവച്ച് പലരും വിതുമ്പി. മൃതദേഹം ആദ്യമെത്തിക്കുന്നത് പുതുപ്പള്ളി ഹൗസിലാണെന്നറിഞ്ഞതോടെ പ്രവർത്തകരും നേതാക്കളും അവിടേയ്ക്ക് ഒഴുകിയെത്തി. മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരനും എ കെ ആന്റണിയും മൃതദേഹം എത്തിക്കുന്നതിന് മുമ്പ് തന്നെ വസതിയിലെത്തി.

മുൻമന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ച ശേഷമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ ബംഗളൂരുവിൽ അന്തിമോപചാരം അർപ്പിച്ചു.

നാളെ രാവിലെ ഏഴുമണിയോടെ വിലാപയാത്ര കോട്ടയത്തേയ്ക്ക് പുറപ്പെടും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വച്ചശേഷം രാത്രിയോടെ പുതുപ്പള്ളിയിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍ വച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.

ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് പുലര്‍ച്ചെ 4.25ഓടെയാണ് അന്തരിച്ചത്. ബംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയും രണ്ടുദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement
Advertisement