കേരളത്തിൽ നല്ല റോഡുകൾ വേണ്ട എന്ന ഉദ്ദേശ്യമാണോ തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർക്ക്, അതിർത്തിയിലെ ചെക്ക് പോസ്‌റ്റിൽ സംഭവിക്കുന്നത്

Tuesday 18 July 2023 3:48 PM IST

കൊല്ലം: ദേശീയപാത 66 വികസനത്തിനുള്ള ക്വാറി ഉത്പന്നങ്ങളുമായി വരുന്ന ലോറികളോട് അതിർത്തി ചെക്ക് പോസ്റ്റുകളിൽ വൻ തുക കൈക്കൂലി ആവശ്യപ്പെട്ട് തമിഴ്നാട് എം.വി.ഡി ഉദ്യോഗസ്ഥർ.

ഇതോടെ തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉത്പന്നങ്ങളുടെ വരവ് പൂർണമായും നിലച്ച് ജില്ലയിലെ അടക്കം ദേശീയപാത 66 വികസനം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.

ആര്യങ്കാവ്, പാറശാല എന്നിവിടങ്ങളിലെ തമിഴ്നാട് എം.വി.ഡിയുടെ ചെക്ക് പോസ്റ്റുകളിലാണ് കൈക്കൂലി ആവശ്യപ്പെടുന്നത്. 40 ടൺ വരെ കയറുന്ന ലോറികളിലാണ് ദേശീയപാത വികസനത്തിന്റെ കരാർ കമ്പനികൾ ക്വാറി ഉത്പന്നങ്ങൾ കൊണ്ടുവന്നിരുന്നത്.

മൂന്നാഴ്ച മുമ്പ് മുതലാണ് തമിഴ്നാട് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ട് വലിയ ലോറികളിലെ ക്വാറി ഉത്പന്നങ്ങളുടെ നീക്കം തടഞ്ഞത്. 10 ടൺ ലോഡ് മാത്രമുള്ള ലോറികളെയേ കയറ്റിവിടുവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ചെലവ് നാലിരട്ടിയായി ഉയരുന്ന സാഹചര്യം വന്നതോടെ കരാർ കമ്പനികൾ ക്വാറി ഉത്പന്നങ്ങളുടെ നീക്കം പൂർണമായും നിറുത്തിവച്ചിരിക്കുകയാണ്.

കൈക്കൂലി ആവശ്യപ്പെട്ട് തമിഴ്നാട് എം.വി.ഡി
 40 ടൺ വഹിക്കുന്ന ലോറിയിൽ ഒരു ലോഡ് കടത്തിവിടാൻ കൈക്കൂലി 5000 രൂപ

 ഇതോടെ തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉത്പന്നങ്ങളുടെ വരവ് സ്തംഭിച്ചു

 ജില്ലയ്ക്ക് പുറമേ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ദേശീയപാത വികസനത്തെയും ബാധിച്ചു

 ജില്ലയിലെ രണ്ട് റീച്ചുകളുടെ ആറുവരി വികസനം പൂർത്തിയാക്കാൻ മാത്രം ഇനി ഏകദേശം 50 ലക്ഷം ടൺ ക്വാറി ഉത്പന്നങ്ങൾ വേണം

 സംസ്ഥാനത്ത് ക്വാറി ഉത്പന്നങ്ങളുടെ ലഭ്യത കുറഞ്ഞതോടെയാണ് കരാർ കമ്പനികൾ തമിഴ്നാടിനെ ആശ്രയിച്ചത്

ജില്ലയിൽ വേണ്ടിവരുന്ന ക്വാറി ഉത്പന്നങ്ങൾ - 50 ലക്ഷം ടൺ

ലോഡൊന്നിന് കൈക്കൂലി ₹ 5,000

വിഷയം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ചീഫ് സെക്രട്ടറി തലത്തിലുള്ള ഇടപെടലാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ദേശീയപാത അതോറിറ്റി അധികൃതർ

Advertisement
Advertisement