ലോകകപ്പിൽ ഐതിഹാസിക നേട്ടവുമായി ഷാക്കിബ് അൽ ഹസൻ
ലണ്ടൻ : ഈ ലോകകപ്പ് ക്രിക്കറ്റിൽ ബാറ്റും ബോളും കൊണ്ട് വിസ്മയം സൃഷ്ടിച്ച് ബംഗ്ലാദേശ് ആൾറൗണ്ടർ ഷാക്കിബ് അൽഹസൻ.
വെള്ളിയാഴ്ച പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയ ഷാക്കിബിന്റെ ലോകകപ്പിലെ റൺനേട്ടം 606 ആയി. ഒരു ലോകകപ്പ് എഡിഷനിൽ 600 റൺസും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഷാക്കിബ് സ്വന്തമാക്കി. ഒരു ലോകകപ്പിൽ 600 റൺസ് പിന്നിടുന്ന മൂന്നാമത്തെ താരമാണ് ഷാക്കിബ്. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും മാത്യു ഹെയ്ഡനും മാത്രമാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ.
ഈ ലോകകപ്പിൽ കളിച്ച എട്ടു മത്സരങ്ങളിൽ നിന്ന് രണ്ടു സെഞ്ചുറിയും അഞ്ച് അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 606 റൺസ് ഷാക്കിബ് നേടിയിട്ടുണ്ട്. 86.57 റൺസാണ് ശരാശരി. 96.03 സ്‌ട്രൈക്ക് റേറ്റിലാണ് ഷാക്കിബിന്റെ നേട്ടം. 124 ആണ് ഉയർന്ന സ്‌കോർ. ഷാക്കിബ് 11 വിക്കറ്റുകളും മൂന്ന് ക്യാച്ചുകളും നേടി. ലോകകപ്പ് ചരിത്രത്തിലെ റൺവേട്ടക്കാരുടെ പട്ടികയിൽ 20 മത്സരങ്ങളിൽ 1146 റൺസുമായി ഒൻപതാം സ്ഥാനത്താണ് ഷാക്കിബ്. ലോകകപ്പ് കരിയറിൽ 34 വിക്കറ്റുകളും ഷാക്കിബ് സ്വന്തം പേരിലെഴുതിച്ചേർത്തു.