പ്രിയ വർഗീസിന്റെ നിയമനം : സുപ്രീം കോടതിയിൽ അപ്പീൽ

Thursday 20 July 2023 12:23 AM IST

ന്യൂഡൽഹി : കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായുളള പ്രിയാ വർഗീസിന്റെ നിയമനം ശരി വച്ച ഹൈക്കോടതി വിധിക്കെതിരെ റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി ഡി.ബി. കോളേജ് മലയാളം അദ്ധ്യാപകൻ ജോസഫ് സ്കറിയ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു.

വസ്തുതകൾ പരിശോധിക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി അനുകൂലമായതോടെ പ്രിയ വർഗീസ് ജൂലായ് 12ന് കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തി ചുമതലയേറ്റിരുന്നു. തന്റെ ഭാഗം കേൾക്കാതെ അപ്പീലുകളിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസഹർജി സമർപ്പിച്ചിട്ടുണ്ട്.

ഹൈക്കോടതി വിധിക്കെതിരെ യു.ജി.സിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സ്റ്റേ വേണമെന്നും ആവശ്യപ്പെട്ടു. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാനുളള അദ്ധ്യാപന പരിചയം പ്രിയാ വർഗീസിനില്ലെന്ന നിലപാടാണ് യു.ജി.സി ആവർത്തിക്കുന്നത്. . മതിയായ യോഗ്യതയില്ലാത്തവർ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന്റെ പിൻബലത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് നിയമ പോരാട്ടം നടത്തിയേക്കുമെന്ന ആശങ്കയും യു.ജി.സിയുടെ അപ്പീലിലിലുണ്ട്.