'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്ന് ദിവസം അവധി': അന്തരിച്ച ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ പ്രതിഷേധം ശക്തം

Thursday 20 July 2023 9:59 AM IST

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ വ്യാപക പ്രതിഷേധം. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്ന് ദിവസം അവധി എന്നിങ്ങനെയാണ് ഫെയ്സ്ബുക്ക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. ‘‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’’ എന്നിങ്ങനെയായിരുന്നു വിനായകന്റെ അധിക്ഷേപം.

നടന്റെ മറ്റ് ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയും പ്രതിഷേധ കമന്റുകൾ നിറയുകയാണ്. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് വിനായകൻ മാപ്പുപറയണമെന്നും നടനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ വിനായകൻ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.