ഇനി ഞാനുറങ്ങട്ടെ,​ ജനസാഗരത്തിൽ ഉമ്മൻചാണ്ടിക്ക് നിത്യനിദ്ര

Friday 21 July 2023 4:09 AM IST

കോട്ടയം: അനുകമ്പയുടെ നിലാവ് എല്ലാ വിഭാഗം ജനങ്ങൾക്കും ചൊരിഞ്ഞ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇനി ഓർമ്മയിലെ വസന്തം. രാഷ്ട്രീയഭേദമില്ലാതെ ജനങ്ങളുടെ കണ്ണും കരളുമായി ജീവിച്ച ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളി സെന്റ് ജോ‌ർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്നലെ സംസ്കരിക്കുമ്പോൾ പാതിരാത്രി പിന്നിട്ടിരുന്നു.

ജനങ്ങളുടെ നിലയ്ക്കാത്ത സ്നേഹത്തിനപ്പുറം മറ്റൊരു ബഹുമതിക്കും സ്ഥാനമില്ലെന്ന സന്ദേശമേകിയാണ് ജനനായകൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പുണ്യാളന്റെ മണ്ണിൽ അലിഞ്ഞുചേർന്നത്. എന്നും പാവങ്ങൾക്കൊപ്പം നിലകൊണ്ട ഉമ്മൻചാണ്ടി​ സംസ്ഥാന സർക്കാരിന്റെ പൂർണ ബഹുമതികൾ ഒഴിവാക്കിയാണ് അനശ്വരതയിലേക്ക് മടങ്ങിയത്. തീരാത്ത ജനപ്രവാഹത്താൽ നിശ്ചയിച്ചിരുന്ന സമയത്തിനും ഏറെ വൈകിയാണ് പ്രത്യേക കബറിടത്തിൽ സ്നേഹസ്വരൂപൻ നിത്യനിദ്ര പൂകിയത്.

തലസ്ഥാനത്തുനിന്ന് ജന്മനാടായ പുതുപ്പള്ളിയിൽ എത്തുവോളവും ഊണും ഉറക്കവുമില്ലാതെ കാത്തുനിന്ന ജനങ്ങൾ പൊതുദർശനങ്ങളും അന്ത്യകർമ്മങ്ങളും കഴിഞ്ഞശേഷവും പ്രിയ നേതാവിനെ വിട്ടുപോകാനാവാതെ വിതുമ്പിനിന്നത് ചരിത്രസത്യമായി. പുതുപ്പള്ളി ജോർജിയൻ വലിയപള്ളിയിലെ പ്രത്യേക കല്ലറയിലായിരുന്നു സംസ്കാര ചടങ്ങുകൾ.

എല്ലാ ഞായറാഴ്ചകളിലും തന്റെ സുഖ ദുഃഖങ്ങൾ പങ്കിടാൻ എത്തിയിരുന്ന പുണ്യാളന്റെ മുന്നിൽ ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരമെത്തുമ്പോൾ രാത്രി ഒമ്പതോട് അടുത്തിരുന്നു. അപ്പോഴും നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. അവസാനമായി ഒരു നോക്കുകാണാൻ, ഒന്നുമ്മ വയ്ക്കാൻ എത്തിയവരെ നിയന്ത്രിക്കാൻ പൊലീസും കോൺഗ്രസ് ഭാരവാഹികളും ഏറെ പണിപ്പെട്ടു.

രാഹുൽ ഗാന്ധിയടക്കമുള്ളവരുടെ സ്‌നേഹ നിർഭരമായ പ്രാർത്ഥനയോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. വൈകിട്ട് 5.30ന് പുതുപ്പള്ളി കരോട്ടുവള്ളക്കാലിൽ വീടിന്റെ പൂമുഖത്ത് സഭാ വൈദികരുടെ നേതൃത്വത്തിൽ അടുത്ത ബന്ധുക്കളെ മാത്രം പ്രവേശിപ്പിച്ച് കബറടക്ക ശുശ്രൂഷയുടെ ക്രമം നടത്തി. തുടർന്ന് പണിതീരാത്ത സ്വപ്നവീട്ടിൽ അരമണിക്കൂർ ശുശ്രൂഷ.

പ്രിയപ്പെട്ട ഒ.സിയായും കുഞ്ഞൂഞ്ഞായും, ഉമ്മൻചാണ്ടി സാറായും നിറഞ്ഞുനിന്ന സ്‌നേഹസ്വരൂപന് പുതുപ്പള്ളി ദേവാലയത്തിന്റെ വടക്കേപ്പന്തലിലായിരുന്നു തുടർന്ന് പൊതുദർശനം. അവിടെനിന്ന് മൃതദേഹം ശവപ്പെട്ടിയിലേക്ക് മാറ്റി അവസാന യാത്രയുടെ ശുശ്രൂഷകളേകുമ്പോൾ വിലാപയാത്രയുടെ ഏറ്റവും ഒടുവിലത്തെ കണ്ണിയുടെ മിഴികളും തുളുമ്പിയൊഴുകി.

സംസ്ഥാന സർ‌ക്കാരിനു വേണ്ടി മന്ത്രിമാരായ വി.എൻ.വാസവൻ, കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, പി.പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവർ ചേർന്ന് പുഷ്പചക്രം സമർപ്പിച്ചു. ചീകിയൊതുക്കിയ മുടിയും തേച്ചു മിനുക്കിയ തൂവെള്ള ഖദറും മുണ്ടും ധരിച്ചാണ് സഭാ ശ്രേഷ്ഠൻമാർക്കു സമീപം ഉമ്മൻചാണ്ടി അന്ത്യനിദ്ര പൂകിയത്. ഭാര്യ മറിയാമ്മയും മക്കളായ മറിയവും, അച്ചുവും ചാണ്ടിയും കൊച്ചുമക്കളുമൊക്കെ അവസാനമായി പ്രിയപ്പെട്ടവനെ ഉമ്മകൾക്കൊണ്ടു പൊതിഞ്ഞു.

ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കബാവയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ശുശ്രൂഷകൾ. സിറോമലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, എ.കെ.ആന്റണി, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവരടക്കം സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement