20 രൂപയ്ക്ക് ഭക്ഷണം, മൂന്ന് രൂപയ്ക്ക് വെള്ളം; കൗണ്ടർ പ്രവർത്തിക്കുന്നത് കേരളത്തിലെ ഈ റെയിൽവേ സ്റ്റേഷനിൽ

Saturday 22 July 2023 12:01 PM IST

തിരുവനന്തപുരം:ജനറൽ ടിക്കറ്റ് യാത്രക്കാർക്കായി കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകുന്ന കൗണ്ടറുകൾ റെയിൽവേ തുറന്നു. രാജ്യമാകെ 64 സ്റ്റേഷനുകളിലാണ് എക്സറ്റൻഡ് കൗണ്ടറുകൾ എന്ന പേരിൽ തുറന്നത്. കേരളത്തിൽ തിരുവനന്തപുരം സ്റ്റേഷനിൽ മാത്രമാണ് കൗണ്ടർ. പരീക്ഷണാടിസ്ഥാനത്തിലാണിത്. ഇതിന്റെ വിജയമനുസരിച്ച് ഘട്ടംഘട്ടമായി ആറുമാസത്തിനകം മറ്റ് സ്റ്റേഷനുകളിലും കൗണ്ടറുകൾ തുറക്കും.

20 രൂപയ്ക്ക് പൂരി,ബജി,അച്ചാർ കിറ്റ്, 50 രൂപയ്ക്ക് സ്നാക്ക് മീൽ വിഭാഗത്തിൽ ഊണ്,ചോളബട്ടൂര,പാവ് ബജി,മസാല ദോശ എന്നിവയിൽ ഏതെങ്കിലുമൊന്നും ലഭിക്കും.കൂടാതെ മൂന്ന് രൂപയ്ക്ക് 200 മില്ലിലിറ്റർ വെള്ളവും കിട്ടും.പ്ളാറ്റ് ഫോമുകളിൽ ഐ.ആർ.സി.ടി.സിയാണ് കൗണ്ടറുകൾ കൈകാര്യം ചെയ്യുക.സ്റ്റേഷനിൽ ജനറൽ കോച്ചുകൾ വരുന്ന ഭാഗത്താകും കൗണ്ടർ. ദക്ഷിണ റെയിൽവേയിൽ തിരുവനന്തപുരത്തിന് പുറമെ മയിലാടുംതുറ,വിരുദുനഗർ,നാഗർകോവിൽ,മംഗലാപുരം,സേലം,ഈറോഡ് തുടങ്ങിയ സ്റ്റേഷനുകളിലാണ് കൗണ്ടറുള്ളത്.