വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ മിന്നൽ ചുഴലിയ്‌ക്ക് സാദ്ധ്യത

Monday 24 July 2023 7:11 AM IST

തിരുവനന്തപുരം: വരുന്ന മൂന്നു മണിക്കൂറിൽ സംസ്ഥാനത്ത് മഴ വ്യാപകമാകും. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരുന്ന അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കാലവർഷ കാറ്റ് സംസ്ഥാനത്ത് ശക്തിപ്രാപിച്ചു. വടക്കൻ ജില്ലകളിൽ മിന്നൽ ചുഴലിക്ക് സാദ്ധ്യതയെന്നും വിദഗ്ദ്ധർ. കനത്ത മഴയെത്തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. പി.എസ്.സി ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് എന്നാൽ മാറ്റമില്ല. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.