അതിശക്ത മഴ സാദ്ധ്യത,​ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്,​ മൂന്നു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Monday 24 July 2023 8:59 PM IST

കോഴിക്കോട്: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്,​ കണ്ണൂർ,​ കാസർകോട്,​ വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട,​ ആലപ്പുഴ,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്,​ വയനാട്,​ കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലായ് 25)​ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല.

അതേസമയം തിരുവനന്തപുരം,​ കൊല്ലം ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പില്ല. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.