മണ്ണിടിഞ്ഞ് കിണറ്റിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി
കൊല്ലം: കിണറ്റിൽ റിംഗ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് ഒന്നര മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി. കല്ലുംപുറം ഇലങ്കത്തുവിള ക്ഷേത്രത്തിന് സമീപം പോളയിൽ പടിഞ്ഞാറ്റതിൽ വിനോദാണ് (40, പ്രദീപ്) തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തലയുടെ ഭാഗംവരെ മണ്ണ് മൂടിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 1.40ന് രാമൻകുളങ്ങര മതേതര നഗറിൽ വസുജ അപ്പാർട്ട്മെന്റ്സിലായിരുന്നു അപകടം. മതേതരനഗർ സ്വദേശികളായ ഷെമീർ (40), ഉണ്ണി (48), ബാബു (48) എന്നിവർക്കൊപ്പമാണ് പ്രദീപ് പണിക്കെത്തിയത്. രണ്ടുദിവസം കൊണ്ട് 12 അടി താഴ്ചയിൽ കുഴിക്കുകയും 14 റിംഗുകൾ ഇറക്കുകയും ചെയ്തിരുന്നു. ഇന്നലെ റിംഗുകൾ ഒട്ടിക്കാൻ ഉണ്ണിയും വിനോദും ശ്രമിക്കുന്നതിനിടെ മണ്ണ് ഇടിയുകയായിരുന്നു.
ഉണ്ണി കയറിൽ പിടിച്ച് കരയ്ക്കുകയറി. വിനോദ് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ദേഹത്തേക്ക് വീണ്ടും മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വിനോദിന്റെ തല മൂടിക്കിടന്ന മണ്ണ് ശ്വാസം കിട്ടുന്ന വിധത്തിൽ മാറ്റാൻ ഒപ്പമുണ്ടായിരുന്നവർക്ക് കഴിഞ്ഞതാണ് തുണയായത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനോദിന്റെ ആരോഗ്യനില തൃപ്തികരം.