മുന്നാധാരമില്ലാതെ അവകാശ കൈമാറ്റം: വസ്തുവിന്റെ ബാദ്ധ്യതാ പരിശോധന പ്രശ്നമാവും

Wednesday 26 July 2023 2:36 AM IST

തിരുവനന്തപുരം: വസ്തുക്കളുടെ കൈവശാവകാശം കൈമാറാൻ മുന്നാധാരം നിർബന്ധമല്ലെന്ന ഹൈക്കോടതി ഉത്തരവിൽ ആശയക്കുഴപ്പത്തിൽ സബ് രജിസ്ട്രാർമാർ. വസ്തു ബാങ്കിലോ മറ്റോ പണയപ്പെടുത്തി

വായ്പയെടുത്താലും പ്രമാണം നഷ്ടപ്പെട്ടെന്ന് പരസ്യപ്പെടുത്തി, നോട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങിയാൽ ഇതേ വസ്തു കൈമാറ്റം ചെയ്യാനാവും. ഇത്തരം കൃത്രിമങ്ങൾ ഒഴിവാക്കാനാണ് മുന്നാധാരം നിർബ്ബന്ധമായി ആവശ്യപ്പെട്ടിരുന്നത്.

'ടൈറ്റിൽ ഡീഡ് എൻക്വയറി' എന്ന ഉത്തരവാദിത്വത്തിൽ കൈമാറ്റം ചെയ്യുന്ന വസ്തുവിന്റെ രേഖകളുടെ കൃത്യത ഉറപ്പു വരുത്താനുള്ള ചുമതലയും സബ് രജിസ്ട്രാർമാർക്കുണ്ട്. മലബാർ മേഖലയിൽ നിയമപരമായ പരിധിക്ക് മേൽ വസ്തുക്കളുള്ള ജന്മിമാർ കുടിയാന്മാർക്ക് നൽകിയിട്ടുള്ള വസ്തുക്കളുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കൊടുക്കുമ്പോൾ മുന്നാധാരം നിർബന്ധമാക്കേണ്ടതില്ലെന്ന് നേരത്തെ വ്യവസ്ഥയുള്ളതാണ്. കൈവശത്തിന്റെ അടിസ്ഥാനം പാട്ട അവകാശമാണോ , ഉടമസ്ഥാവകാശമാണോ എന്നതിനെക്കുറിച്ച് വ്യക്തത കണ്ടെത്താനുള്ള പരിമിതികളും ഇതിന് കാരണമാണ്. കാണം തീറാധാരം, വെറും പാട്ടം തീറാധാരം തുടങ്ങിയ പേരുകളിലാണ് മലബാർ മേഖലയിൽ ഇത്തരം കൈമാറ്റങ്ങൾ രജിസ്റ്റർ ചെയ്തിരുന്നത്.

ഒരു വസ്തു ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിലോ ഈട് നൽകി വായ്പ എടുക്കണമെങ്കിൽ മുന്നാധാരം നിർബന്ധമാണ്. വസ്തുവിന്മേൽ ഒരു വിധ ബാദ്ധ്യതകളുമില്ലെന്ന് ഉറപ്പു വരുത്താനാണിത്.

ഇപ്പോഴത്തെ ഹൈക്കോടതി ഉത്തരവിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.