വാനമ്പാടിക്ക് 60ന്റെ പിറന്നാൾ പ്രസാദം
തിരുവനന്തപുരം: മലയാളിയുടെ മനസിൽ പാട്ടിന്റെ മഞ്ഞൾ പ്രസാദം ചാർത്തിയ കെ. എസ്.ചിത്ര ഇന്ന് ഷഷ്‌ടിപൂർത്തിയുടെ നിറവിൽ. സംഗീതത്തിന്റെ ആർദ്രനിലാവിന്, വിനയം തുളുമ്പുന്ന പ്രതിഭയ്‌ക്ക്, ആ നിറചിരിക്ക് അറുപത് വയസിന്റെ ചെറുപ്പം.
തിരുവനന്തപുരത്ത് ജനിച്ച്, സ്വരമാധുരിയിലൂടെ ലോകത്തോളം വളർന്ന ലാളിത്യത്തിന്റെ ആൾരൂപത്തിന് പിറന്നാളാശംസകളുമായി സംഗീതലോകവും.
ചിത്ര ഒരു ഗാനപ്രവാഹമാണ്. സർവതിനെയും തഴുകി ഒഴുകുന്ന നിലയ്‌ക്കാത്ത ഗാനം. ആ പാട്ടുകൾ ബാല്യ, കൗമാരങ്ങളെ താരാട്ടി, തലോടി. യൗവനങ്ങളെ പ്രണയനിലാവിൽ നനച്ചു. വിരഹവേനലിൽ ഉരുക്കി. ഭക്തരുടെ കണ്ണുകൾ നിറച്ചു. അര നൂറ്റാണ്ടായി തുടരുന്ന ഉപാസനയിലൂടെ ആർജ്ജിച്ച അനായാസമായ ആലാപനശൈലി ചിത്രയെ മഹാന്മാരായ സംഗീത സംവിധായകരുടെ ഇഷ്ടഗായികയുമാക്കി.
ആത്മാവിനെയാണ് ചിത്രയുടെ സ്വരം സ്പർശിക്കുന്നത്. ചിത്ര പാടുമ്പോൾ ആസ്വാദകരും ഗായികയും ഒന്നാവും. മനുഷ്യന്റെ സമസ്‌ത വികാരങ്ങളും ആന്ദോളനം ചെയ്യുന്ന എത്രയോ ഗാനങ്ങൾ. ഇനിയും എത്രയോ ഗാനങ്ങൾ ആ സ്വരമാധുരിയിൽ പിറക്കാനിരിക്കുന്നു.
ചിത്രയ്‌ക്ക് പിറന്നാൾ ഇന്നാണെങ്കിലും ജന്മനക്ഷത്രമായ ചിത്തിര ഇന്നലെയായിരുന്നു. ഭർത്താവ് വിജയ് ശങ്കറിനൊപ്പം ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിച്ചു. ഇന്ന് ചെന്നൈയിൽ നിന്ന് പുറത്തു പോകുന്ന ചിത്ര കുടുംബാംഗങ്ങൾക്കൊപ്പം ചിലവിടും.
കേൾക്കാനേറെ ഇഷ്ടം
ഏറ്റവും കൂടുതൽ കേൾക്കുന്നത് മീരാഭജൻ ആണ്. ലതാ മങ്കേഷ്‌കറിന്റെ മീരാഭജനുകൾ ആവർത്തിച്ചു കേൾക്കും. അതുപോലെ എസ്. ജാനകിയുടേയും. ഗസലുകളും ഇഷ്ടമാണ്.
അമ്മയുടെ പാട്ടിൽ
ഞാൻ ജീവിക്കുന്നു
വർഷം 2004. ചെന്നൈയിൽ കെ.എസ്.ചിത്ര പാടുകയാണ്. ''ഒവ്വൊരു പൂക്കളുമേ സൊൽകിറുതേൻ...വാഴ്‌വെന്റാൽ പോരാടും പോർക്കളമേ....''
സ്റ്റേജിന്റെ വശത്ത് കണ്ണുകൾ നിറഞ്ഞൊഴുകി ഒരു യുവാവ്. പ്രോഗ്രാം കഴിഞ്ഞപ്പോൾ ചിത്രയുടെ കാൽക്കൽ വീണു. ചിത്ര പിടിച്ചെഴുന്നേൽപ്പിച്ചു. കരഞ്ഞുകൊണ്ട് അയാൾ പറഞ്ഞു: ''അമ്മാ ഞാൻ ഇന്ന് ജീവനോടെ ഇരിക്കാൻ കാരണം നിങ്ങളാണ്. ആത്മഹത്യചെയ്യാൻ തീരുമാനിച്ച സമയത്താണ് ഈ പാട്ട് കേൾക്കുന്നത്. അതാണ് എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്...'' ചിത്ര സമാധനപ്പിച്ചു - ''ഞാനല്ല കാരണക്കാരി. എന്റെ ശബ്ദം ഈ പാട്ടിൽ വന്നു എന്നേയുള്ളൂ..... ആ വരികളാണ് നിങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. അതെഴുതിയത് പാ വിജയ് ആണ്!''
ചിത്രയ്‌ക്ക് സസ്പെൻസുമായി സുഹൃത്തുക്കൾ
ചെന്നൈയിലെ വസതിയിൽ ചിത്രയും ഭർത്താവ് വിജയ് ശങ്കറിനൊപ്പം അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കു ചേർന്നത്. വീട്ടിൽ പൂജകൾ നടത്തി. ഉച്ചയ്ക്ക് അടപ്രഥമനും പാൽപ്പായസവും ഉൾപ്പെടെയുള്ള സദ്യയും ഉണ്ടായിരുന്നു. ഇന്ന് കൊച്ചിയിലാണ് ചിത്ര. റിയാലിറ്റി ഷോയുടെ ഷൂട്ടിംഗാണ് രാവിലെ 7 മുതൽ. സുഹൃത്തുക്കളായ പാട്ടുകാരും സംഗീത സംവിധായകരും സസ്പെൻസ് പരിപാടികൾ ഒരുക്കിയിട്ടുണ്ട്. യുവ സംഗീത സംവിധായകർ ചിത്രയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചെറുപാട്ടുകളും ഇന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിടും.