രാജ്കുമാറിന്റെ പോസ്റ്റ്‌മോർട്ടം: പിഴവുകളേറെയെന്ന് ആക്ഷേപം

Sunday 07 July 2019 1:17 AM IST

ഇടുക്കി: പീരുമേട് സബ്‌ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച രാജ്കുമാറിനെ പോസ്റ്റ്മോർട്ടം ചെയ്തതിൽ പിഴവുകളുണ്ടെന്ന് ആക്ഷേപം. ചതവുകളും മുറിവുകളുമടക്കം 22 പരിക്കുകൾ രാജ്കുമാറിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ പരിക്കുകളുടെ പഴക്കത്തെക്കുറിച്ച് സൂചനയില്ല.

12ന് പൊലീസിന് കൈമാറുന്നതിന് മുമ്പ് രാജ്കുമാറിനെ നാട്ടുകാർ മർദ്ദിച്ചെന്ന് പരാതിയുണ്ടായിരുന്നു. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ കേസുമെടുത്തു. പീരുമേട് സബ്‌ജയിലിലും മർദ്ദനമേറ്റെന്ന് സഹതടവുകാരുടെ മൊഴിയുണ്ടായിരുന്നു. പരിക്കുകളുടെ പഴക്കത്തെക്കുറിച്ച് അറിഞ്ഞില്ലെങ്കിൽ ആരുടെ മർദ്ദനമാണ് ന്യുമോണിയയിലേക്കും പിന്നീട് രാജ്കുമാറിന്റെ മരണത്തിലേക്കും നയിച്ചതെന്ന് കണ്ടെത്താനാകാതെ വരും. ഇത്തരം സാഹചര്യത്തിൽ മരണത്തിന് 24 മണിക്കൂറിനുള്ളിലാണ് പരിക്കെല്ലാം പറ്റിയതെന്ന് അനുമനിക്കാനാണ് നിയമം. അങ്ങനെവന്നാൽ പീരുമേട് ജയിൽ അധികൃതരാവും കുടുങ്ങുക. ആന്തരികാവയവങ്ങളുടെ പരിശോധനയും നടത്തിയില്ല. അതു ചെയ്തിരുന്നെങ്കിൽ ഭക്ഷണവും കുടിവെള്ളവും നൽകാതെ ക്രൂരമായി മർദ്ദിച്ചതിനും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതുമൂലമാണ് ന്യുമോണിയ ഉണ്ടായതെന്നതിനും തെളിവ് ലഭിക്കുമായിരുന്നു.

കസ്റ്റഡി മർദ്ദനത്തെ തുടർന്ന് മരിക്കുന്നവരെ പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാരുടെ പ്രത്യേകസംഘം വേണമെന്ന നിയമവും പാലിച്ചില്ല. അസിസ്റ്റന്റ് പൊലീസ് സർജനൊപ്പം ഒരു പി.ജി വിദ്യാർത്ഥി മാത്രമാണ് പോസ്റ്റ്മോർട്ടത്തിനുണ്ടായിരുന്നത്. കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് രാജ്കുമാർ മരിച്ചതെന്ന് ആദ്യഘട്ടത്തിൽ അറിയില്ലായിരുന്നെന്നും റിപ്പോർട്ടിലുണ്ടായ അപാകതകൾ അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ പരിഹരിച്ചിട്ടുണ്ടെന്നുമാണ് വിശദീകരണം.

പോസ്റ്റ്മോർട്ടം: അപാകതകൾ

 22 പരിക്കുകളുടെ പഴക്കം എത്രയെന്ന് കണ്ടെത്തിയില്ല

 ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയച്ചില്ല

 ഡോക്ടർമാരുടെ സംഘമല്ല പോസ്റ്റ്മോർട്ടം നടത്തിയത്