തൃപ്പൂണിത്തുറ തിര. കേസ്: സ്വരാജിന് നോട്ടീസ്
ന്യൂഡൽഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി കെ.ബാബു എം.എൽ.എ സമർപ്പിച്ച ഹർജിയിൽ സി.പി.എം സ്ഥാനാർത്ഥി എം.സ്വരാജ് അടക്കം എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസയച്ചു. തിരഞ്ഞെടുപ്പ് റദ്ദാക്കാൻ സ്വരാജ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി കണ്ടെത്തലിനെതിരെയാണ് ബാബു സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കകം എതിർകക്ഷികൾ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ആഗസ്റ്റ് 14ന് വിഷയം വീണ്ടും പരിഗണിക്കും.
മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ടുപിടിച്ചെന്നും, തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സ്വരാജ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചിട്ടില്ലെന്നാണ് ബാബുവിന്റെ വാദം. തിരഞ്ഞെടുപ്പ് ഹർജികൾ ഫയൽ ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സ്വരാജ് പാലിച്ചില്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബാബു ചൂണ്ടിക്കാട്ടി. തന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് കാട്ടി സ്വരാജ് തടസ്സഹർജി സമർപ്പിച്ചിരുന്നു.