സംസം വെള്ളത്തിന്റെ ഒരു കുപ്പി തനിക്ക് കൂടി കരുതണമെന്ന് ഹജ്ജ് തീർത്ഥാടകരോട് രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട്: ഹജ്ജ് തീർത്ഥാടകർക്ക് യാത്രാമംഗളങ്ങളുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. വ്രതാനുഷ്ഠാനങ്ങളുമായി ഹജ്ജിന് പോകുന്നവർ ജീവിത സാഫല്യമുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജിന് പോകുന്നവരെ യാത്രയക്കാൻ നിൽക്കുന്നവർ അതിനെക്കാൾ പുണ്യവാൻമാരും പുണ്യവതികളുമാണ്. പോകുന്നവരോട് പറയാനുള്ളത് ഒരു കാര്യം മാത്രമാണ്. അവിടെയെത്തുമ്പോൾ എനിക്ക് കൂടി പ്രാർത്ഥിക്കണം. നിങ്ങളുടെ പ്രാർത്ഥനകൊണ്ട് മാത്രമാണ് ഞാൻ എം.പിയായത്. ഞാൻ നിങ്ങളോടൊപ്പം വരുന്നില്ലെങ്കിലും ആ പുണ്യഭൂമിയിൽ എന്റെ മനസ് നിങ്ങളോടൊപ്പം ഉണ്ടാകും. കാരണം നിങ്ങൾ അവിടെ പോകുമ്പോൾ അതിന്റെ ഗുണം എനിക്ക് കൂടി ലഭിക്കും. തിരിച്ചുവരുമ്പോൾ സംസം വെള്ളത്തിന്റെ ഒരു കുപ്പി തനിക്ക് കൂടി കരുതണമെന്നും ഉണ്ണിത്താൻ പറഞ്ഞു.
ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന് അടുത്ത പാർലമെന്റ് യോഗത്തിൽ അറിയിക്കും. ഇപ്പോള്‍ എയര്‍ ഇന്ത്യ ഹജ്ജ് യാത്രികരെ കൊള്ളയടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതില്‍ മാറ്റമുണ്ടാകണം. ഇപ്പോൾ എയർ ഇന്ത്യ മാത്രമാണ് ഹജ്ജിനായി ആളുകളെ കൊണ്ടുപോകുന്നത്. അതിന് പകരം കേന്ദ്ര സർക്കാർ ആഗോളടെണ്ടർ വിളിച്ച് അതില്‍ ഏറ്റവും കുറഞ്ഞ പണത്തിന് ആളുളെ കൊണ്ടുപോകുന്ന കമ്പനിയ്ക്ക് ടെണ്ടർ നല്‍കുന്ന സ്ഥിതിവിശേഷം ഉണ്ടാകണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുമാത്രമാണ് ഇപ്പോൾ ഹജ്ജ് യാത്രക്ക് പോകാനുള്ള സൗകര്യമുള്ളു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പോകാനുള്ള സൗകര്യം ഉണ്ടാക്കണം. ഈ ആവശ്യം മുഖ്യമന്ത്രിയെയും കേന്ദ്രസർക്കാരിനെ അറിയിച്ചതായും ഉണ്ണിത്താൻ പറഞ്ഞു.