ആ ഒരു ആഗ്രഹം സാധിച്ചശേഷം തിരിച്ചുപോകും; നൗഷാദ് പൊലീസിനോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രം
കൂടൽ : രണ്ട് മക്കളെയും കാണാനാകുമെന്ന പ്രതീക്ഷയിൽ സ്വന്തം വീടായ കലഞ്ഞൂർ പാടം വണ്ടണിയിൽ തങ്ങുകയാണ് നൗഷാദ്. ' കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന ' ഭാര്യയുടെ മൊഴിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നൗഷാദിനെ കണ്ടെത്തിയത്. ഭാര്യ അഫ്സാനയുടെ വീട്ടിലുള്ള മക്കളെ കാണണമെന്ന ആഗ്രഹം മാത്രം കൂടൽ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസ് തീരുമാനമെടുത്തില്ല. ശിശുക്ഷേമ സമിതി മുഖേന നടപടികളുമായി നീങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്. ഇന്ന് സമിതിക്ക് കത്തു നൽകിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കൂടൽ പൊലീസ് പറഞ്ഞു. കുട്ടികളെ കണ്ട ശേഷം പണിചെയ്തുവന്ന തൊടുപുഴയിലേക്ക് മടങ്ങുമെന്ന് നൗഷാദ് പറഞ്ഞു.
അഫ്സാനയ്ക്കൊപ്പം താമസിക്കില്ല.
വേർപിരിയാൻ കോടതിയെ സമീപിച്ചത് അഫ്സാനയാണ്. പിന്നീട് ഒത്തു തീർപ്പായി ഒന്നിച്ചു താമസിച്ചിരുന്നു. ഇതിനിടെയാണ് അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചതിനെ തുടർന്ന് നാടുവിട്ടതെന്ന് നൗഷാദ് പറഞ്ഞിരുന്നു. നൗഷാദിനെ കൊന്ന് കുഴിച്ചിട്ടുവെന്ന് അഫ്സാന പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അടൂർ പരുത്തിപ്പാറയിലെ വാടക വീടിന്റെ അടുക്കളയ്ക്കുള്ളിലും പറമ്പിലും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു.
ബിജുവിന്റെ വീട് നന്നാക്കുന്നതാര് ?
അഫ്സാന പറഞ്ഞതനുസരിച്ച് നൗഷാദിനെ തെരഞ്ഞ് പരുത്തിപ്പാറയിലെ വാടക വീടിന്റെ അടുക്കള കുഴിച്ച പൊലീസ് വെട്ടിലായിരിക്കുകയാണ്. കതക് പൊളിച്ച് അകത്തുകടന്ന പൊലീസ് അടുക്കള കുഴിച്ചിട്ട് വീട് താമസയോഗ്യമല്ലാതാക്കിയെന്ന് ഉടമസ്ഥൻ ബിജു പറഞ്ഞിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുത്തിരുന്ന വീട് നന്നാക്കിയില്ലെങ്കിൽ മനുഷ്യാവകാശകമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം. എന്നാൽ, തങ്ങൾ ചെല്ലുമ്പോൾ കതക് പൂട്ടിയിരുന്നില്ലെന്നും അടുക്കളയിലെ കുഴിച്ച ഭാഗം ശരിയാക്കി കൊടുക്കുമെന്നും പൊലീസ് പറഞ്ഞു. ഇതിന്റെ ചെലവ് കളവ് പറഞ്ഞ അഫ്സാനയിൽ നിന്ന് ഈടാക്കണമെന്ന നിലപാടിലാണ് പൊലീസ്.
ആ രക്തക്കറ ആരുടേത് ?
നൗഷാദിനെ മർദ്ദിച്ച് 'കൊലപ്പെടുത്തി' എന്ന് അഫ്സാന പറഞ്ഞ പരുത്തിപ്പാറയിലെ വാടക വീട്ടിലെ അടുക്കളയിൽ കണ്ട രക്തക്കറ ആരുടേതാണെന്ന് പൊലീസ് പരിശോധിക്കുന്നു. ഇതിനായി സാമ്പിൾ ശേഖരിച്ച് ലാബിലയച്ച് ഫലം കാത്തിരിക്കുകയാണ്. വീടിന്റെ അടുക്കളയ്ക്ക് സമീപം ആടിന്റെയും കോഴിയുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ആടിനെയും കോഴിയെയും വെട്ടിയിരുന്നത് അടുക്കളയിലാണെന്നും പൊലീസ് സംശയിക്കുന്നു.