യൂത്ത് കോൺഗ്രസ് മാർച്ച് തടയാൻ പൊലീസ് ബാരിക്കേഡ് വച്ച് റോഡ് തടഞ്ഞു; കുടുങ്ങിയത് രോഗിയുമായിയെത്തിയ ആംബുലൻസ്
കോഴിക്കോട്: യൂത്ത് കോൺഗ്രസ് മാർച്ച് തടയാൻ പൊലീസ് ബാരിക്കേഡ് കെട്ടിവച്ച് റോഡ് ഗതാഗതം തടഞ്ഞതിനെ തുടർന്ന് രോഗിയുമായി വന്ന ആംബുലൻസ് കുടുങ്ങി. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിന് കുറുകെ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലാണ് ആംബുലൻസ് കുടുങ്ങിയത്. ബാരിക്കോഡ് അഴിക്കാൻ പൊലീസുകാർക്ക് കഴിഞ്ഞില്ല. ഇതോടെ ആംബുലൻസ് വേറെ വഴിയിലൂടെ ആശുപത്രിയിലേയ്ക്ക് പോകുകയായിരുന്നു.
ഇന്ന് രാവിലെ 10മണി മുതലാണ് യൂത്ത് കോൺഗ്രസ് മാർച്ച് തടയാൻ പൊലീസ് ബാരിക്കേഡ് വച്ചത്. ഇവിടെ രോഗിയുമായിയെത്തിയ ആംബുലൻസ് ഡ്രെെവർ പൊലീസുകാരോട് ബാരിക്കേഡ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. അവിടെയുണ്ടായിരുന്നവരും പൊലീസിനോട് ഇതേ ആവശ്യം പറഞ്ഞു. എന്നാൽ കുറച്ച് സമയം കാത്തിരുന്ന ശേഷം ആംബുലൻസ് മടങ്ങിപ്പോകുകയാണ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സൂചനാ ബോർഡ് വച്ചിരുന്നുവെന്നും ഇത് ശ്രദ്ധിക്കാതെയാണ് ആംബുലൻസ് ഡ്രെെവർ വന്നതെന്നും പൊലീസ് പറഞ്ഞു. ആംബുലൻസിനെ കടത്തിവിടാൻ കയർ അഴിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പൊലീസ് വിശദീകരിച്ചു. അതേസമയം കിലോമീറ്ററുകളോളം വളഞ്ഞ് ഒളവണ്ണ - കൊളത്തറ വഴിയാണ് ആംബുലൻസ് ആശുപത്രിയിലേയ്ക്ക് പോയത്. പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞ റോഡ് വഴി പോയാൽ വെറും പത്ത് മിനിട്ടിൽ ആശുപത്രിയിൽ എത്താമായിരുന്നു. എന്നാൽ തിരിഞ്ഞുപോയതിനാൽ വീണ്ടും അധിക സമയം എടുത്താണ് ആശുപത്രിയിൽ എത്തിയത്. ശുചിമുറിയിൽ കാൽതെന്നി വീണ 90കാരിയായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.