മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. മുൻ മിസോറാം, ത്രിപുര ഗവർണർ ആയിരുന്ന അദ്ദേഹം ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ കുമാരപുരത്തുള്ള വസതിയിലായിരുന്നു അന്ത്യം.
മൂന്ന് തവണ സംസ്ഥാന മന്ത്രിയും രണ്ട് തവണ സ്പീക്കറും രണ്ട് തവണ എം.പിയും ആയ വക്കം ആർ.ശങ്കറിന്റെ നിർബന്ധംകൊണ്ടാണ് കോൺഗ്രസിലെത്തിയത്. അതിന് മുമ്പ് തിരുവനന്തപുരത്തെ തിരക്കുള്ള അഭിഭാഷകനായിരുന്നു. അക്കാലത്ത് കേരളകൗമുദിയും പത്രാധിപർ കെ.സുകുമാരനും നൽകിയ വലിയ പിന്തുണ അദ്ദേഹം പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്.'
ഭാനുപണിക്കർ-ഭവാനി ദമ്പതികളുടെ 10 മക്കളിൽ മുതിർന്നയാളായി 1928 ഏപ്രിൽ 12ന് ആയിരുന്നു ജനനം. ഭാര്യ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോ.ലില്ലിപുരുഷോത്തമൻ. മൂത്ത മകൻ അന്തരിച്ച ബിജു പുരുഷോത്തമന്റെ മകൾ അഞ്ജുവിനൊപ്പമായിരുന്നു താമസം.
നിഷ്‌പക്ഷനായ സ്പീക്കർക്ക് മകുടോദാഹരണം
വളരെ കർക്കശരൂപത്തിൽ അടിയന്തരപ്രമേയ നോട്ടീസുകൾ അനുവദിച്ചിരുന്ന സ്പീക്കർമാരിൽ ഒരാളായിരുന്നു വക്കം. 2001മുതൽ 2004 വരെ എ.കെ. ആന്റണി സർക്കാർ ഭരിച്ച കാലത്ത് വക്കം പുരുഷോത്തമൻ സ്പീക്കറായിരിക്കെ, വളരെ കർക്കശമായ പരിശോധനകൾക്ക് ശേഷമേ അടിയന്തരപ്രമേയ നോട്ടീസുകൾ അനുവദിച്ചിരുന്നുള്ളൂ. സർക്കാരിന്റെ ഇംഗിതം കൂടി അറിഞ്ഞാണ് സ്പീക്കർമാർ പ്രവർത്തിക്കേണ്ടത്. ഭരണപക്ഷത്തിന്റെ ബിസിനസ് നടത്തിക്കൊടുക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ അവകാശങ്ങളും ഉറപ്പ് വരുത്തുകയെന്ന നിഷ്‌പക്ഷ സമീപനം വക്കം സ്വീകരിച്ചിരുന്നു.
സ്പീക്കറായിരുന്ന കാലയളവിൽ സർക്കാരിന്റെ ഇംഗിതം പോലും നോക്കാതെ ഓരോ വിഷയവും തന്റേതായ നിലയിൽ സൂക്ഷ്‌മപരിശോധന നടത്തി തള്ളാവുന്നതെങ്കിൽ തള്ളുകയും കൊള്ളാവുന്നതെങ്കിൽ കൊള്ളുകയും ചെയ്യുന്ന നിലപാടാണ് അദ്ദേഹം പുലർത്തിപ്പോന്നത്. പലപ്പോഴും കർക്കശക്കാരനായ ഒരു ഹെഡ്മാസ്റ്ററുടെ ചിട്ടയോടെയാണ് വക്കം സഭയിൽ ഇടപെട്ടിരുന്നത്. സമയനിഷ്ഠയുടെ കാര്യത്തിലുൾപ്പെടെ അങ്ങനെയായിരുന്നു. അടിയന്തരപ്രമേയ നോട്ടീസുകൾക്ക് അവതരണാനുമതി തേടാനുള്ള പ്രതിപക്ഷത്തിന്റെ അവസരങ്ങൾ ഇടയ്ക്കൊക്കെ അദ്ദേഹം നിഷേധിച്ചത് പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു.