അരിക്കൊമ്പൻ ആനക്കൂട്ടത്തിൽ
നാഗർകോവിൽ: ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയ അരികൊമ്പൻ തമിഴ്‍നാട് വനത്തിലെ ആനക്കൂട്ടവുമായി ഇണങ്ങിത്തുടങ്ങിയെന്ന് സൂചന. ആന അപ്പർ കോതയാർ വനത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതറിഞ്ഞ സന്തോഷത്തിലാണ് ആനപ്രേമികൾ. അരികൊമ്പൻ തമിഴ് മക്കളുടെ അരിസികൊമ്പനായിട്ട് വാഴുകയാണ്. മയക്കുവെടിവച്ച് പിടികൂടിയ കൊമ്പനെ പെരിയാർ കടുവാ സാങ്കേതത്തിലാണ് കേരള വനം വകുപ്പ് തുറന്നുവിട്ടത്. നാട്ടിലിറങ്ങിയ കൊമ്പനെ തമിഴ്നാട് വനം വകുപ്പ് പിടികൂടി മുണ്ടൻത്തുറ കടുവാ സാങ്കേതത്തിൽ തുറന്ന് വിടുകയായിരുന്നു.
കൊമ്പന്റെ കഴുത്തിലെ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നുണ്ടെന്ന് തമിഴ്നാട് വനം വകുപ്പ് പറയുന്നു.കേരളത്തിലെ വനത്തിൽ വളർന്ന കൊമ്പൻ തമിഴ്നാട് വനവുമായി പൊരുത്തപ്പെടാൻ രണ്ട് മാസത്തോളം വേണ്ടിവന്നു. ആനയ്ക്ക് ചില ആരോഗ്യ പ്രശനമുണ്ടായിരുന്നെങ്കിലും ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന് തമിഴ് നാട് വനംവകുപ്പ് പറയുന്നു. കാട്ടിലാണെങ്കിലും ഇത്രയും തലയെടുപ്പുള്ള കൊമ്പനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് തമിഴ്നാട്ടിലെ ആനപ്രേമികൾ.