അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോയ കുട്ടി അപകടത്തിൽ മരിച്ചു

Tuesday 01 August 2023 2:06 AM IST

സീതത്തോട്: സ്‌കൂളിലേക്ക് അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ പോകവേ, കാറിന് പിന്നിൽ ഇടിച്ച് യു.കെ.ജി വിദ്യാർത്ഥി മരിച്ചു. സീതത്തോട് കൊച്ചുകോയിക്കൽ സതീഷ് ഭവനിൽ അശ്വതിയുടെയും സതീഷിന്റെയും ഇളയ മകൻ കൗശിക് എസ്.നായർ (5) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെ സീതത്തോട് കക്കാട് പവർ സ്റ്റേഷന് സമീപമായിരുന്നു അപകടം. അശ്വതി ഒാടിച്ച സ്കൂട്ടറിൽ സഹോദരൻ കാർത്തിക്കിനൊപ്പം മുന്നിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു കൗശിക്. മുന്നിലുണ്ടായിരുന്ന കാറിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ ഹാൻഡിൽ നെഞ്ചിൽ അമർന്ന് ഗുരുതരമായി പരിക്കേറ്റ കൗശികിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. സീതത്തോട് ശ്രീവിദ്യാധിരാജ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥിയാണ്. സംസ്‌കാരം പിന്നീട്.