കടലമ്മ കനിഞ്ഞില്ല, ചാകരക്കോളില്ലാതെ ആദ്യ ദിനം

Wednesday 02 August 2023 12:10 AM IST
fish

കോഴിക്കോട്: കടലമ്മ കനിഞ്ഞില്ല, ചാകരക്കോളില്ലാതെ ട്രോളിംഗ് ആദ്യ ദിനം. 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം കടന്നുകിട്ടിയതിന്റെ ആശ്വാസത്തിൽ കടലിലിറങ്ങിയ തൊഴിലാളികൾ നിരാശരായി മടങ്ങി. ജില്ലയിലെ 300 ഓളം ചെറുതും വലുതുമായ യന്ത്രവൽകൃത ബോട്ടുകളും, വള്ളങ്ങളും ഇന്നലെ പുലർച്ച തന്നെ ചാകരക്കോളും തേടി കടലിലേക്ക് കുതിച്ചിരുന്നു. എന്നാൽ ഏറെ വെെകിയിട്ടും മത്സ്യം നിറച്ച ഒരു ചെറു ബോട്ട് പോലും തീരത്തടുത്തില്ല.

സാധാരണ ട്രോളിംഗ് കഴിയുന്ന ആദ്യ ദിനങ്ങളിൽ 10മുതൽ 20 ടണ്ണോളം കിളിമീൻ നിറഞ്ഞ ബോട്ടുകൾ തീരം തൊടാറുണ്ട്. എന്നാൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി എന്നിവിടങ്ങളിലൊന്നും മത്സ്യം നിറച്ച ഒരു ബോട്ടും പോലും തീരത്തെത്താതിരുന്നത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തി. അതേ സമയം അർദ്ധരാത്രി പുറപ്പെട്ട വലിയ ബോട്ടുകളൊക്കെ തിരികെയെത്താൻ ദിവസങ്ങളെടുക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതിലാണ് അവരുടെ പ്രതീക്ഷയും.

കൂന്തൽ, കിളിമീൻ, ചെമ്മീൻ സീസണായതിനാൽ ഇവ കൂടുതൽ ലഭിക്കുമെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. സാധാരണ ട്രോളിംഗ് കഴിയുന്ന ദിവസങ്ങളിൽ ഇവ ലഭിച്ചിരുന്നു. ആദ്യ ദിനം മീൻ കിട്ടാതായതോടെ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. ഇക്കുറി മഴയുടെ ലഭ്യത കുറഞ്ഞത് മലബാർ മേഖലയിൽ മത്സ്യ സമ്പത്ത് കുറയാനിടയാക്കിയെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

മത്സ്യത്തിന്റെ ലഭ്യതക്കുറവും ഡീസൽ വില വർദ്ധനവും മൂലം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധനം വറുതിയുടെ കാലമായിരുന്നു. കൂടെ സൗജന്യ റേഷൻ ലഭിക്കാതായതും ഇവരെ പ്രതിസന്ധിയിലാക്കി. ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തിയാണ് ബോട്ടുകൾ വള്ളത്തിലിറക്കിയത്. അധിക പേരും ആധാരം പണയം വച്ചും ലോണെടുത്തും സ്വർണം പണയപ്പെടുത്തിയുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്.