സ്റ്റാർട്ടപ്പുകൾക്ക് ലീപ് അംഗത്വ കാർഡ്, മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു

Wednesday 02 August 2023 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ വളർത്താൻ ലീപ് അംഗത്വ കാർഡുകളുമായി സ്റ്രാർട്ട് അപ്പ് മിഷൻ. ലീപ് അംഗത്വ കാർഡിന്റെ പ്രകാശനവും കേരള സ്റ്റാർട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവും ടെക്‌നോപാർക്കിലെ തേജസ്വിനിയിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഐ.ടി, ഇലക്ട്രോണിക്സ് സെക്രട്ടറി ഡോ. രത്തൻ കേൽക്കർ, കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക, ടെക്‌നോപാർക്ക് സി.ഇ.ഒ സഞ്ജീവ് നായർ, ടി.സി.എസ് കേരള ഹെഡ് വൈസ് പ്രസിഡന്റ് ദിനേശ് തമ്പി, എസ്.ടി.പി.ഐ ഡയറക്ടർ ജനറൽ അരവിന്ദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

 ലീപ്

സ്റ്റാർട്ടപ്പ് ഇൻകുബേഷൻ കേന്ദ്രങ്ങളെ ലീപ് (ലോഞ്ച്, എംപവർ, ആക്സിലറേറ്റ്, പ്രോസ്പർ) കോവർക്കിംഗ് സ്‌പേയ്സുകളെന്ന് പുനർനാമകരണം ചെയ്ത് ലീപ് കേന്ദ്രങ്ങളാക്കുന്ന പദ്ധതി. ലീപ് അംഗത്വ കാർഡ് എടുക്കുന്നതിലൂടെ സ്റ്റാർട്ടപ്പുകൾക്ക് പുറമേ വിദ്യാർത്ഥികൾ, നിക്ഷേപകർ,മെന്റർമാർ തുടങ്ങിയവർക്കും ഐ.ടി പാർക്കുകളിലെ ഇൻകുബേഷൻ കേന്ദ്രങ്ങൾ ഉപയോഗിക്കാം. കാർഡിന്റെ കാലാവധി ഒരു വർഷമാണ്. കാർഡിലൂടെ രാജ്യത്തെ ലീപ് കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ സബ്സിഡിയോടെ ഉപയോഗിക്കാനാകും. മികച്ച തൊഴിലിടങ്ങൾ, അതിവേഗ ഇന്റർനെറ്റ്, മീറ്റിംഗ് റൂമുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലീപ്പിലുണ്ടാകും. രജിസ്‌ട്രേഷന്: https://leap.startupmission.in/.

ഗുണങ്ങൾ

 ഇന്റേൺഷിപ്പുകൾക്കൊപ്പം സാങ്കേതിക പരിശീലനം

 നിക്ഷേപകരുമായി ആശയവിനിമയത്തിനുള്ള അവസരം.

 ഗ്രാന്റ്, വായ്‌പ, മാർക്കറ്റ് ആക്‌സസ്, മെന്റേഴ്സ് കണക്ട്, ഇൻവെസ്റ്റർ കണക്ട് തുടങ്ങിയവ ലഭിക്കുന്നതിന് അവസരം