പട്ടികജാതി കുടുംബം വിറകുപുരയിൽ: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
മലപ്പുറം: വായ്പാ തിരിച്ചടവ് മുടങ്ങി ബാങ്ക് കിടപ്പാടം ജപ്തി ചെയ്‌തതോടെ ഗർഭിണി അടക്കം ആറംഗ പട്ടികജാതി കുടുംബം വിറകുപുരയിൽ അഭയം തേടിയതിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കമ്മിഷൻ അറിയിച്ചു.
മലപ്പുറം ജില്ലാ കളക്ടർ സംഭവം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥ് നിർദ്ദേശം നൽകി. സെപ്തംബറിൽ തിരൂർ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പൊന്നാനി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കാണ് നിർദ്ധന കുടുംബത്തെ വഴിയാധാരമാക്കിയത്. ആലങ്കോട് ഏഴാം വാർഡിൽ തലശിലാത്ത് വളപ്പിൽ ചന്ദ്രൻ 2014ലാണ് മൂന്ന് ലക്ഷം രൂപ വായ്പയെടുത്തത്. സാമ്പത്തിക പ്രതിസന്ധിയും കൊവിഡും കാരണം തിരിച്ചടവ് മുടങ്ങി. വീട് വിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുടിശികയടക്കം അഞ്ചര ലക്ഷം രൂപയോളം അടയ്ക്കാതെ വന്നതോടെ ബാങ്ക് ജപ്തിയിലേക്ക് നീങ്ങി. നാലുദിവസം മുമ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട് വിറകുപുരയായി ഇവർക്ക് അഭയം.