മലയാളം പള്ളിക്കൂടം പത്താംചുവടിലേക്ക്
2014 ചിങ്ങം 1 നാണ് തലസ്ഥാന നഗരിയിൽ മലയാളം പള്ളിക്കൂടത്തിന്റെ ആദ്യമണി മുഴങ്ങിയത്. എഴുത്തുകാരും പത്രപ്രവർത്തകരുമായ ഡോ.ജെസി നാരായണനും ഗോപി നാരായണനും ചേർന്ന് ഒരുകൂട്ടം മാദ്ധ്യമസുഹൃത്തുക്കളുടെ പിന്തുണയോടെ വിത്തു പാകിയ പള്ളിക്കൂടം കുട്ടികളുടെ മനംകവരുന്ന അക്ഷരോദ്യാനമാണിന്ന്. മാതൃഭാഷയ്ക്കുവേണ്ടിയുള്ള കേരളത്തിലെ ഈ ഏകപള്ളിക്കൂടത്തിന്റെ പെരുമയ്ക്കു പിന്നിൽ കവി വി.മധുസൂദനൻ നായരുടെ നേതൃത്വവും ജെസി നാരായണന്റെ നിശ്ചയദാർഢ്യവും ഗോപി നാരായണന്റെ സംഘാടനമികവുമാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇത്തവണ ചിങ്ങം 1ന് പള്ളിക്കൂടം പത്താം ചുവടുവയ്ക്കാനൊരുങ്ങുമ്പോൾ അമരക്കാരായ ജെസി നാരായണനും ഗോപി നാരായണനുമായി കാർട്ടൂണിസ്റ്റ് ടി.കെ.സുജിത് സംസാരിക്കുന്നു.
പള്ളിക്കൂടം എന്ന മനോഹരസ്വപ്നം എങ്ങനെയുണ്ടായതാണ്?
ഗോപി നാരായണൻ: അത് ഞങ്ങളുടെ സ്വപ്നമായിരുന്നില്ല. അന്ന് പ്ലസ് വണ്ണിൽ പഠിക്കുകയായിരുന്ന ഞങ്ങളുടെ മകൾ ആർച്ചയുടെ സ്വപ്നമാണത്. സ്കൂൾബസിൽ മാത്രം പോയി ശീലമുള്ള അവളുടെ കൂട്ടുകാർ അന്നാദ്യമായി ലൈൻബസിൽ കയറാൻ ബസ്സ്റ്റോപ്പിൽ ചെന്നു. ഓരോ ബസ്സ് വന്നു നിൽക്കുമ്പോഴും കുട്ടികൾ ഓടിച്ചെന്ന് ബസിലെ യാത്രക്കാരോട് ചോദിക്കുന്നതെന്താണെന്ന് അവൾ കേട്ടു. 'അങ്കിളേ ഈ ബസ്സ് ശാസ്തമംഗലത്ത് പോകുമോ" 'മാമാ ഈ ബസ്സ് തമ്പാനൂർക്കു പോകുമോ..." ഇതു കേട്ട് ആർച്ച ആകെപ്പാടെ അമ്പരന്നുപോയി. കാര്യമന്വേഷിച്ചപ്പോഴാണറിയുന്നത് തന്റെ കൂട്ടുകാർക്ക് ബസിന്റെ ബോർഡു വായിക്കാനറിയില്ലെന്ന സത്യം. ബസ്സ്റ്റോപ്പിൽ കണ്ട കാഴ്ച അവൾ അങ്ങേയറ്റം വികാരത്തോടെ ഞങ്ങളോടു വന്നു പറഞ്ഞു. തീർന്നില്ല; അവൾക്ക് തന്റെ കൂട്ടുകാരെ മലയാളം പഠിപ്പിക്കണം. അതിന് വഴിയുണ്ടാക്കണം. അക്ഷരാർത്ഥത്തിൽ അവൾ ഞങ്ങളെ സമ്മർദ്ദത്തിലാക്കുകയായിരുന്നു. ഞങ്ങൾ അതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു. പലരോടും സംസാരിച്ചു. അപ്പോഴാണറിയുന്നത്; ഇവിടെ ഡിഗ്രി പാസായവരും ബസിന്റെ ബോർഡുവായിക്കാനറിയാതെ നടക്കുന്നുണ്ടെന്ന സത്യം. ഞങ്ങൾ ആർച്ചയ്ക്ക് ഉറപ്പുകൊടുത്തു. ഞായറാഴ്ച ദിവസങ്ങളിൽ മലയാളമറിയാത്ത കൂട്ടുകാരെ ഞങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിക്കാം. ഫീസൊന്നും വാങ്ങാതെ കോലായിലിരുത്തി പഠിപ്പിക്കാമെന്നാണ് ഞങ്ങൾ ആദ്യം തീരുമാനിച്ചത്. അതിനിടയിൽ വളരെപ്പെട്ടെന്നായിരുന്നു പള്ളിക്കൂടം എന്ന സങ്കല്പം രൂപപ്പെട്ടതും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതും.
നിങ്ങളുടെ സ്വപ്നസംരംഭം പ്രൊഫ.വി.മധുസൂദനൻ നായരുടെ മുന്നിലേക്ക് എത്തുന്നതെങ്ങനെയാണ്?
ജെസി നാരായണൻ: ആ സമയത്ത് ഞങ്ങൾ ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്യുന്ന 'ഭാഷയ്ക്കൊരു കലണ്ടർ" എന്ന ഒരു പ്രോജക്ടിന്റെ പണിയിലായിരുന്നു. പുതുവർഷത്തിൽ പുറത്തിറക്കാനായി തയ്യാറാക്കുന്ന ആ മലയാളം കലണ്ടറിലേക്ക് ഓരോ മാസങ്ങളെയുംകുറിച്ചുള്ള കവിതകൾ തിരഞ്ഞെടുക്കാൻ മധുസൂദനൻ സാറിനെയാണ് സമീപിച്ചത്. പള്ളിക്കൂടം എന്ന സംരംഭത്തിന് നിലമൊരുക്കിവരുന്ന കാര്യം ഞങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു. ഞങ്ങളുടെ ഉദ്യമത്തെ കുറേക്കൂടി വിശാലമായ തലത്തിലേക്ക് ഉയർത്താനുള്ള ആശയങ്ങൾ അദ്ദേഹം പങ്കുവച്ചു. അതോടെ ഞങ്ങളുടെ ആവേശം കൂടി. പക്ഷേ, എങ്ങനെ തുടങ്ങണം, എവിടെ തുടങ്ങണം എന്നൊന്നും രൂപമുണ്ടായിരുന്നില്ല. ഞങ്ങൾക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന ഒ.എൻ.വി സാറിനെയാണ് ആദ്യം പോയി കണ്ട് വിവരം പറഞ്ഞത്. അദ്ദേഹം സുഖമില്ലാതെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. 'മധുവിനെ മുന്നിൽ നിറുത്തിയതു നന്നായി. വീലിന്മേൽകേറാനേ പ്രയാസമുണ്ടാവൂ. പിന്നെയതങ്ങനെ ഉരുണ്ടു പൊയ്ക്കോളും" എന്നു പറഞ്ഞാണ് അദ്ദേഹം ഞങ്ങളെ അനുഗ്രഹിച്ചത്. പള്ളിക്കൂടം തുടങ്ങിയപ്പോൾ അദ്ദേഹം അക്ഷരമാല കലണ്ടർ ഒപ്പിട്ടുതരികയും 'അമ്മത്തിരുമൊഴി മലയാളം..." എന്നു തുടങ്ങുന്ന ഒരു കാവ്യഭാഷാപ്രതിജ്ഞ എഴുതിത്തരികയും ചെയ്തു.
നൂറോളം കുട്ടികളെ മണലിൽ അക്ഷരമെഴുതിച്ചുകൊണ്ടാണല്ലോ പള്ളിക്കൂടം തുടങ്ങിയത്. എങ്ങനെയാണ് കുട്ടികളുടെ ഒഴുക്കുണ്ടായത്?
ഗോപിനാരായണൻ: അതിന് നന്ദി പറയേണ്ടത് നമ്മുടെ മാദ്ധ്യമങ്ങളോടാണ്. മലയാളഭാഷയുടെ നിലനില്പ് പത്രമാദ്ധ്യമങ്ങളുടെ നിലനില്പിന് അത്യന്താപേക്ഷിതമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പള്ളിക്കൂടം തുടങ്ങുന്ന വാർത്ത വലിയ പ്രാധാന്യത്തോടെ പത്രങ്ങൾ വീശിയടിച്ചു. പിന്നീടങ്ങോട്ട് ഫോൺവിളികളുടെ പ്രളയമായിരുന്നു. ഉദ്ഘാടനദിവസംതന്നെ നൂറിലേറെ കുട്ടികൾ പ്രവേശനം നേടി. പാളയം ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററിൽ വച്ച് അടൂർ ഗോപാലകൃഷ്ണനാണ് പള്ളിക്കൂടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഞങ്ങളുടെ പബ്ലിഷിംഗ് സംരംഭമായിരുന്ന 'സെന്റർ ഫോർ കൾച്ചറൽ സ്റ്റഡീസി" ന്റെ ആഭിമുഖ്യത്തിലായിരുന്നു ഉദ്ഘാടനം സംഘടിപ്പിച്ചത്. എന്റെ സ്വർണം പണയം വച്ചാണ് പ്രാരംഭച്ചെലവുകളെല്ലാം നടത്തിയത്. പിന്നീട് നാലു മാസം കഴിഞ്ഞ് ഡിസംബറിലാണ് അഞ്ചംഗങ്ങളെ ഉൾപ്പെടുത്തി 'മലയാളം പള്ളിക്കൂടം ചാരിറ്റബിൾ ട്രസ്റ്റ്" എന്ന പേരിൽ സ്ഥാപനം രജിസ്റ്റർ ചെയ്തതും മൂന്നംഗ ഭരണസമിതി നിലവിൽ വന്നതും. പ്രൊഫ.വി.മധുസൂദനൻ നായർ അദ്ധ്യക്ഷനും ജെസി സെക്രട്ടറിയും ഞാൻ ട്രഷററുമായി ചുമതലയേറ്റെടുത്തു. വഴുതക്കാടുള്ള ഞങ്ങളുടെ വീടുതന്നെയാണ് അന്നും ഇന്നും പള്ളിക്കൂടത്തിന്റെ രജിസ്റ്റേർഡ് ഓഫീസ്.
പള്ളിക്കൂടം വിഭാവനം ചെയ്ത പാഠ്യപദ്ധതി വളരെയേറെ ശ്രദ്ധിക്കപ്പെട്ടു ?
ഗോപി നാരായണൻ: തീർച്ചയായും. പുതിയ കാലത്തെ കുട്ടികൾക്ക് അവരുടെ വീട്ടിലും സ്കൂളിലും കിട്ടാതെപോകുന്ന അറിവുകളെന്തൊക്കെയാണോ അത് നികത്തുന്ന തരത്തിലുള്ള പാഠ്യപദ്ധതിയാണ് ഞങ്ങൾ തയ്യാറാക്കിയത്. ഇക്കാര്യത്തിൽ മധുസൂദനൻ സാറിന്റെ സംഭാവന വളരെ വിലപ്പെട്ടതാണ്. സ്പർശത്തിന് ശബ്ദത്തേക്കാൾ വേഗത്തിൽ തലച്ചോറിലേക്ക് വിവരങ്ങൾ കൈമാറാൻ സാധിക്കുമെന്ന പുതിയ ഗവേഷണത്തിന്റെ പശ്ചാത്തലത്തിലാണ് മണലിലെഴുത്ത് രീതി സ്വീകരിച്ചത്. നാട്ടറിവും നാട്ടുരുചിയും കൃഷിപാഠവും പുഴയറിവും നാടൻകളികളുമൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. ഒ.എൻ.വി,സുഗതകുമാരി, ഡോ.ഡി.ബാബു പോൾ, വിഷ്ണു നാരായണൻ നമ്പൂതിരി, അടൂർ ഗോപാലകൃഷ്ണൻ, കാനായി കുഞ്ഞിരാമൻ, പെരുമ്പടവം ശ്രീധരൻ, പ്രഭാവർമ്മ, ആർട്ടിസ്റ്റ് ഭട്ടതിരി, ഡോ.അച്യുത് ശങ്കർ തുടങ്ങിയവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ടാണ് സിലബസ് രൂപപ്പെടുത്തിയത്. അടൂർ ഗോപാലകൃഷ്ണൻ തന്റെ സിനിമയിൽ ഉപയോഗിച്ചശേഷം ഭദ്രമായി സൂക്ഷിച്ചുവച്ചിരുന്ന അമ്പതോളം കല്ലുസ്ലേറ്റുകൾ പള്ളിക്കൂടത്തിനു സംഭാവന നൽകി. അത് വലിയ വാർത്തയാവുകയും ചെയ്തു. ഈ കല്ലുസ്ലേറ്റുകളായിരുന്നു പള്ളിക്കൂടത്തിന്റെ ഏക ആസ്തി. കൂടാതെ വട്ടപ്പറമ്പിൽ പീതാംബരൻ സാറിന്റെ ശബ്ദവും താളവും വലിയൊരു മുതൽക്കൂട്ടായി. അപ്പൂപ്പൻ സാർ എന്നാണ് കുട്ടികളദ്ദേഹത്തെ വിളിക്കാറ്. കുഞ്ഞുണ്ണിമാഷിനുശേഷം കുട്ടികളുടെ പ്രിയപ്പെട്ട മാഷായി വട്ടപ്പറമ്പിലപ്പൂപ്പൻ മാറിയിരിക്കുകയാണ്. കൃത്യമായ ഉച്ചാരണവും ഭാഷാശുദ്ധിയും ഉറപ്പിച്ചെടുക്കാൻ അദ്ദേഹത്തിന്റെ ശിക്ഷണം കുട്ടികൾക്ക് വലിയ പ്രയോജനം ചെയ്യുന്നുണ്ട്.
കേരളത്തിന്റെ ഭാഷാപ്രതിജ്ഞ മലയാളം പള്ളിക്കൂടത്തിന്റെ ബ്ലാക്ക്ബോർഡിൽ എം.ടി. കുറിച്ചിട്ട വാചകങ്ങളിൽനിന്നുണ്ടായതാണല്ലോ ?
ഗോപി നാരായണൻ: വളരെ ആകസ്മികമായി സംഭവിച്ചതാണത്. അന്ന് വഴുതക്കാട് ശിശുവിഹാർ സ്കൂളിൽവച്ചായിരുന്നു ക്ലാസ് നടത്തിയിരുന്നത്. 2015ലെ അവധിക്കാല ക്യാമ്പ് നടക്കുന്ന സമയം. ഒരു സ്വകാര്യച്ചടങ്ങിൽ പങ്കെടുക്കാനായി എം.ടി. തിരുവനന്തപുരത്തെത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് മധുസൂദനൻസാറാണ് അദ്ദേഹത്തെ പള്ളിക്കൂടത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. കുട്ടികളോട് അദ്ദേഹം സംവദിക്കാൻ സാദ്ധ്യതയില്ലെന്ന് മനസിലാക്കി, ഞങ്ങൾ ഉടനെ ഒരു ബ്ലാക്ക്ബോർഡ് വേദിയിലെത്തിച്ചു. ചോക്ക് കൈയിൽ കൊടുത്തിട്ട് 'കുട്ടികൾക്കായി എന്തെങ്കിലും ഒരു സന്ദേശമെഴുതാമോ' എന്ന് മധുസാർ ആവശ്യപ്പെട്ടപ്പോൾ "എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്..."എന്നിങ്ങനെ വാക്കുകൾ ഒഴുകിയെത്തി. എം.ടി. ഒന്നുമാലോചിക്കാതെ എഴുതിയതാണത്. ഞങ്ങളത് ഫോട്ടോയെടുത്ത് വച്ചിരുന്നു. പിന്നീട് ആ വരികളുടെ ആഴം മനസിലാക്കിയാണ് ഭാഷാപ്രതിജ്ഞയാക്കാനായി സർക്കാരിന് നിവേദനം നൽകിയത്. 2018 ഫെബ്രുവരി 16 ന് പ്രസ്തുത ഭാഷാപ്രതിജ്ഞ സർക്കാർ അംഗീകരിച്ച് ഉത്തരവായി.
പള്ളിക്കൂടം ഇതിനകം വ്യത്യസ്തമായ നിരവധി പരിപാടികൾ നടത്തിക്കഴിഞ്ഞു. എങ്ങനെയാണ് ഇതിനൊക്കെയുള്ള തുക കണ്ടെത്തുന്നത്?
ജെസി നാരായണൻ: അതൊന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഒരു ഫണ്ടുമില്ലാതെയാണ് പള്ളിക്കൂടം നടത്തിക്കൊണ്ടുപോകുന്നത്. കുട്ടികളിൽനിന്നുള്ള ഗുരുദക്ഷിണകൊണ്ട് അദ്ധ്യാപകർക്ക് പ്രതിഫലം നൽകും. മറ്റുള്ളതെല്ലാം രക്ഷിതാക്കളുടെ കൂട്ടായ്മകൊണ്ടും സേവനസന്നദ്ധരായ ഒരുകൂട്ടമാളുകളുടെ ഉത്സാഹത്തിലുമാണ് നടന്നുവരുന്നത്. സർക്കാരിൽനിന്ന് ഞങ്ങൾക്ക് ഇതുവരെ ഗ്രാന്റൊന്നും കിട്ടിയിട്ടില്ല. എന്നാൽ പള്ളിക്കൂടം നടത്താൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തൈക്കാട് ഗവ.മോഡൽ.എൽ.പി.സ്കൂൾ അനുവദിച്ചുകിട്ടിയത് വലിയ ഭാഗ്യമായി. സാംസ്കാരിക വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ രണ്ട് സാംസ്കാരികയാത്രകളും സംഘടിപ്പിച്ചു. തസ്രാക്ക് യാത്രയും തുഞ്ചൻപറമ്പ് യാത്രയും.
മലയാളം പള്ളിക്കൂടത്തിന്റെ ഭാവിപ്രവർത്തനങ്ങളെ എങ്ങനെ കാണുന്നു?
ഗോപി നാരായണൻ: കൊച്ചിയിൽ ഒരു നാലു പള്ളിക്കൂടം തുടങ്ങേണ്ട സാഹചര്യമാണുള്ളത്. അതുപോലെ നമ്മുടെ ഇലക്ട്രോണിക് സിറ്റികളിലെ പുതിയ തലമുറയിലേക്ക് മലയാളത്തെ എത്തിക്കേണ്ടതുണ്ട്. സർക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്നപക്ഷം മറ്റു ജില്ലകളിലേക്കും പള്ളിക്കൂടത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്നാണ് ആഗ്രഹം. അതിനുള്ള മനുഷ്യവിഭവശേഷി ഇന്ന് പള്ളിക്കൂടത്തിനുണ്ട്. അയ്യായിരത്തോളം പേരടങ്ങുന്ന വലിയൊരു കൂട്ടായ്മയായി പള്ളിക്കൂടം വളർന്നിട്ടുണ്ടെന്നു പറയാൻ ഞങ്ങൾക്കഭിമാനം.