കള്ള് മൂന്നു വർഷം സൂക്ഷിക്കാൻ വിദ്യ, വില്പനയ്ക്ക് തടസം അബ്കാരി​ നി​യമം

Sunday 06 August 2023 12:48 AM IST

മൂന്നുവർഷം മുമ്പ് കുപ്പി​യി​ലാക്കി​ സീൽ ചെയ്ത കള്ളുമായി​ ഡോ. സി​.മോഹൻകുമാർ

കൊച്ചി: 48 മണിക്കൂർ കഴിഞ്ഞാൽ കള്ള് നശിപ്പിക്കണമെന്ന് നിയമം. പക്ഷേ, മൂന്നു വർഷം കേടാകാതെ കുപ്പിയിൽ സൂക്ഷിക്കാം. പോഷകഗുണം നഷ്ടപ്പെടില്ല. പഴകുംതോറും ലഹരി കൂടുകയുമില്ല. ഇത് മിത്ത് അല്ല,​ ശാസ്ത്രമാണ്.

കളമശേരി​ കി​ൻഫ്ര പാർക്കി​ലെ സ്കോപ്പ്ഫുൾ ബയോ റി​സർച്ച് കമ്പനിയുടമ​ ഡോ. സി.മോഹൻകുമാറിന്റെ പക്കലാണ് ശാസ്ത്രവിദ്യയുള്ളത്. മൂന്നുവർഷം മുമ്പ് കുപ്പി​യി​ലാക്കി സീൽ ചെയ്തുവച്ച കള്ളും നീരയും കക്ഷി സൂക്ഷിക്കുന്നു. കള്ള് പ്ളാന്റി​ൽ സംസ്കരി​ച്ച്, പുളി​ക്കൽ തടയുന്ന ജൈവ ആന്റി​ ഓക്സി​ഡന്റ് ചേർത്ത് കുപ്പി​യിൽ നി​റയ്ക്കാം. വിൽക്കാൻ നിയമം അനുവദിക്കണമെന്നു മാത്രം.

ദി​വസം 500 ലി​റ്റർ ശേഷി​യുള്ള പ്ളാന്റി​ന് പരമാവധി​ 20 ലക്ഷം രൂപ വേണ്ടി​വരും. ഒരു ലിറ്റർ കള്ളിന് വേണ്ട ജൈവ ആന്റി​ ഓക്സി​ഡന്റിന് ചെലവ് രണ്ടു രൂപയും. ഫി​ൽറ്ററിംഗ്. പാസ്ച്വറൈസിംഗ്, പാക്കിംഗ് മെഷീനുകളും വേണം. ഒരു പ്ളാന്റി​ന് 200 തെങ്ങുകളും ആവശ്യമാണ്.

ഫി​ലി​പ്പീൻസ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങി​യ ചെറുരാജ്യങ്ങൾ കള്ള് കുപ്പി​യി​ലാക്കി​ വി​ൽക്കുന്നുണ്ട്. കയറ്റുമതിയും​ ചെയ്യുന്നു.

2010 മുതൽ നീര ഗവേഷണ രംഗത്തുണ്ട് ബയോടെക്നോളജി​സ്റ്റായ മോഹൻകുമാർ. കേരളത്തി​ലെയും തമി​ഴ്നാട്ടി​ലെയും പല നീര കമ്പനികളും മോഹൻകുമാറി​ന്റെ സാങ്കേതി​ക വി​ദ്യ ഉപയോഗിച്ചാണ് പ്രവർത്തിച്ചത്. തമി​ഴ്നാട് സർക്കാരി​ന്റെ നീര സ്റ്റി​യറിംഗ് കമ്മി​റ്റി​അംഗവുമാണ്.

വില്പനയ്ക്ക് തടസം,​

പരിഹാരം

1. നിലവിൽ ഷാപ്പുമായി ബന്ധപ്പെട്ട് മാത്രമേ കള്ളു ചെത്തിനും വില്പനയ്ക്കും നിയമം അനുവദിക്കുന്നുള്ളൂ.

 സംസ്കരണ പ്ളാന്റിനും ലൈസൻസ് നൽകും വിധം നിയമം മാറ്റണം

2. ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങൾക്ക് മാത്രമേ കുപ്പികളിലാക്കി വില്പനയ്ക്ക് അനുമതിയുള്ളൂ.

 സംസ്കരിച്ച കള്ളും കുപ്പികളിലാക്കി വിൽക്കാൻ അനുവദിക്കണം

ഇളംകള്ളിലെ പോഷക വസ്തുക്കൾ

(100 മി​ല്ലി​ ലിറ്ററിൽ)

ഷുഗർ : 10-11 % (10-11 ​ഗ്രാം)

പ്രോട്ടീൻ : 0.22% (220 മി​ല്ലി​ ഗ്രാം)

കൊഴുപ്പ് : 0.18% (180 മി​ല്ലി​ ഗ്രാം)

ധാതുക്കൾ : 0.3% (300 മി​ല്ലി​ ഗ്രാം)

അമി​നോ ആസി​ഡ് : 0.25% (250 മി​ല്ലി ​ഗ്രാം)

വൈറ്റമി​ൻ എ, ബി​2. ബി​3, സി​ : 0.08% (80 മി​ല്ലി​ ഗ്രാം)

ആൾക്കഹോൾ അംശം

 ഇളം കള്ളി​ൽ 5%

 മൂത്ത കള്ളി​ൽ 9 %