കേന്ദ്ര ജീവനക്കാരായാലും വിജിലൻസിന് കേസെടുക്കാമെന്ന് ഹൈക്കോടതി

Monday 07 August 2023 12:00 AM IST

കൊച്ചി: കേന്ദ്രസർക്കാർ ജീവനക്കാർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാനും കുറ്റപത്രം നൽകാനും വിജിലൻസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. സി.ബി.ഐ, സെൻട്രൽ വിജിലൻസ് കമ്മിഷൻ തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ അധികാരമെന്നു വ്യക്തമാക്കി, നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ വൈക്കം തലയോലപ്പറമ്പ് ശാഖയിലെ മൂന്ന് ജീവനക്കാരെ അഴിമതിക്കേസിൽ കുറ്റവിമുക്തരാക്കിയ വിജിലൻസ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസ് വിജിലൻസ് കോടതി വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കാനും നിർദ്ദേശിച്ചു.

അഴിമതിക്കേസിൽ കേന്ദ്ര ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് പൊലീസിനെയോ സംസ്ഥാന ഏജൻസികളെയോ തടയുന്ന വ്യവസ്ഥ അഴിമതി നിരോധന നിയമത്തിലോ ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ളിഷ്‌മെന്റ് ആക്‌ടിലോ ഇല്ലെന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് വിലയിരുത്തി.

തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭവന നിർമ്മാണ പദ്ധതിയിൽ നിന്ന് വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ 1.85 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ബാങ്ക് ഉദ്യോഗസ്ഥരും രണ്ടു മുതൽ നാലുവരെ പ്രതികളുമായ കണ്ണൂർ വെളിയന്നൂർ സ്വദേശി നവനീത് കൃഷ്‌ണൻ, പാലക്കാട് ചെർപ്പുളശേരി സ്വദേശിനി എസ്. ലീന, കാസർകോട് സ്വദേശി കെ. ബാലകൃഷ്‌ണൻ എന്നിവരെ കോട്ടയം വിജിലൻസ് കോടതി വെറുതേ വിട്ടത്.

2006 ഫെബ്രുവരി 27 മുതൽ 2007 ജനുവരി രണ്ടു വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. പ്രതികളുടെ വിടുതൽ ഹർജി അനുവദിച്ച വിജിലൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.

2016ലെ മറ്റൊരു കേസിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കെതിരെ വിജിലൻസിന് നടപടിയെടുക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ വിധിയുണ്ട്. കേന്ദ്ര ജീവനക്കാരുടെ അഴിമതിയെക്കുറിച്ചു വിവരം ലഭിച്ചാൽ ഇക്കാര്യം കേന്ദ്ര ഏജൻസികളെ അറിയിക്കണമെന്നു മാത്രമേ വിജിലൻസ് മാനുവലിൽ പറയുന്നുള്ളൂ. പ്രതികളുടെ ഈ വാദത്തെ തുടർന്നാണ് വിജിലൻസ് കോടതി ഇവരെ വിട്ടയച്ചത്. എന്നാൽ ഇതു നിയമപരമല്ലെന്നും, ഹൈക്കോടതി വിധിക്കു വളരെ മുമ്പ് മറ്റൊരു കേസിൽ ഇത്തരത്തിൽ നടപടിയെടുക്കാൻ സംസ്ഥാന ഏജൻസികൾക്ക് തടസ്സമില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും വിജിലൻസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാൻ വിജിലൻസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.