ബസ് കൺസഷൻ വർദ്ധന: അമ്പതു പൈസയുടെ കാലം കഴിഞ്ഞെന്ന് ഹൈക്കോടതി

Tuesday 08 August 2023 4:45 AM IST

കൊച്ചി: അമ്പതു പൈസയുടെയും ഒരു രൂപയുടെയുമൊക്കെ മൂല്യം കുറഞ്ഞിട്ട് വർഷങ്ങളായെന്നും മാറിയ സാഹചര്യം വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളും മനസിലാക്കണമെന്നും ഹൈക്കോടതി. ബസ് കൺസഷനുമായി ബന്ധപ്പെട്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തതിനാൽ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി മൂന്നു സ്വകാര്യബസ് കണ്ടക്ടർമാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളും കുറ്റപത്രങ്ങളും റദ്ദാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ നിർദ്ദേശം.

കൺസഷൻ വർദ്ധിപ്പിക്കൽ സർക്കാരിന്റെ നയതീരുമാനമായതിനാൽ കോടതിക്ക് നിർദ്ദേശം നൽകാനാവില്ല. പക്ഷേ സർക്കാരും വിദ്യാർത്ഥി സംഘടനകളും മാറിയ സാഹചര്യങ്ങൾ വിലയിരുത്തണം. ബസ് ഉടമകൾക്ക് കൺസഷൻ വർദ്ധനയ്ക്കായി സർക്കാരിനെയും ഗതാഗതവകുപ്പിനെയും സമീപിക്കാം. എന്നാൽ കൺസഷൻ നിലവിലുള്ള സാഹചര്യത്തിൽ വിദ്യാർത്ഥികളോടു വിവേചനപരമായി പെരുമാറാൻ ബസുടമകൾക്കും ജീവനക്കാർക്കും കഴിയില്ല. വിദ്യാർത്ഥികൾക്കും മറ്റു യാത്രക്കാർക്കും ഒരേ പദവിയാണുള്ളതെന്നും കോടതി വ്യക്തമാക്കി.

ബസിൽ കയറ്റാത്തതിനെച്ചൊല്ലി വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടാകുന്ന തർക്കം ക്രമസമാധാന പ്രശ്‌നമായി മാറുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ഇതിനുള്ള നിർദ്ദേശങ്ങൾ കീഴുദ്യോഗസ്ഥർക്ക് നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.

ബസ് ജീവനക്കാരായ തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി സിറാജ്, കോതമംഗലം തൃക്കാരിയൂർ സ്വദേശി ജോസഫ് ജോൺ, വൈക്കം തലയാഴം സ്വദേശി വി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. 2012 നവംബർ 30നായിരുന്നു കേസിനാസ്പദമായ സംഭവം. പൊതുസ്ഥലത്ത് നിശ്ചിത മാനദണ്ഡങ്ങളും റോഡ് സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കാതെ വാഹനമോടിക്കൽ, വായു - ശബ്ദ മലിനീകരണം, ഇൻഷ്വറൻസില്ലാത്ത വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്. ബസ് ഓടിക്കുന്നത് ഡ്രൈവറാണെന്നിരിക്കെ കണ്ടക്ടർമാർക്കെതിരെ ഈ കുറ്റങ്ങൾ ചുമത്താൻ കഴിയില്ലെന്നും ഹൈക്കോടതി വിലയിരുത്തി. തുടർന്ന് ഹർജിക്കാർക്കെതിരെ കോതമംഗലം ജുഡി. ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലുള്ള കുറ്റപത്രങ്ങൾ റദ്ദാക്കി.