സംവിധായകൻ സിദ്ദിഖ് അന്തരിച്ചു; മലയാള സിനിമയ്ക്ക് നഷ്ടമായത് ചിരിമേളമൊരുക്കിയ പ്രിയ സംവിധായകനെ

Tuesday 08 August 2023 9:19 PM IST

കൊച്ചി: ചലച്ചിത്ര പ്രേമികൾക്കായി ചിരിമേളമൊരുക്കിയ പ്രിയ സംവിധായകൻ സിദ്ദിഖ് വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ അൽപ്പ സമയം മുൻപായിരുന്നു അന്ത്യം. സംവിധായകരായ ബി ഉണ്ണികൃഷ്ണനും ലാലും ചേർന്നാണ് വിയോഗ വാർത്ത അറിയിച്ചത്. കരൾ രോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെ എക്മോ സംവിധാനത്തിന്റെ സപ്പോർട്ടിൽ കഴിയവേയാണ് അന്ത്യം.

മൃതദേഹം നാളെ രാവിലെ ഒമ്പത് മണി മുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും എറണാകുളം സെന്റർ ജുമാ മസ്ജിദിൽ നാളെ വൈകുന്നരം ആറുമണിയോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ന്യൂമോണിയയും കരൾ രോഗവും കാരണം ജൂലായ് പത്തിനാണ് സിദ്ദിഖിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ മേഖലകളിൽ ശോഭിച്ചിരുന്ന അദ്ദേഹം മലയാളത്തിനൊപ്പം തമിഴ്, ഹിന്ദി ചലച്ചിത്ര രംഗത്തും വിജയചിത്രങ്ങൾ സമ്മാനിച്ചിരുന്നു. ഭാര്യ സജിത.സുമയ്യ,സുകൂൺ,സാറ എന്നിവർ മക്കളാണ്.

ഇസ്മയിൽ ഹാജി- സൈനബ ദമ്പതികളുടെ മകനായി 1960 ഓഗസ്റ്റ് ഒന്നിന് കൊച്ചിയിൽ ജനനം. കൊച്ചി കലാഭവനിലൂടെ ഉയർന്നു വന്ന അദ്ദേഹം പിന്നീട് ഫാസിലിന്റെ കീഴിൽ സഹസംവിധായകനായി. 1986-ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സിദ്ദിഖും ലാലും ചേർന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 1989-ൽ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ സിദ്ദിഖ് -ലാൽ കൂട്ടുകെട്ട് സംവിധാനത്തിലേയ്ക്കും ചുവടുറപ്പിച്ചു. പിന്നീട് സിദ്ദിഖ് -ലാൽ എന്ന ലേബലിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ മലയാളി പ്രേക്ഷകർ നിറചിരിയോടെ സ്വീകരിച്ചു. സിദ്ദിഖ് -ലാൽ വിജയ കൂട്ടുകെട്ട് അവസാനിപ്പിച്ച ശേഷം സ്വതന്ത്ര സംവിധായകനായും തിളങ്ങി. മോഹൻലാൻ നായകനായ ബിഗ്ബ്രദറാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.