ബിൽ നിയമസഭയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ 7വർഷം തടവ്

Wednesday 09 August 2023 12:18 AM IST

തിരുവനന്തപുരം: ഡോക്ടർമാരെ ആക്രമിക്കുന്നവർക്ക് ഏഴുവർഷംവരെ തടവുശിക്ഷയ്ക്കുള്ള നിയമഭേദഗതി ബിൽ മന്ത്രി വീണാജോർജ് നിയമസഭയിൽ അവതരിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ബിൽ കൊണ്ടുവന്നത്. നേരത്തേ പരമാവധി മൂന്നുവർഷം തടവായിരുന്നു ശിക്ഷ.

അതേസമയം, ഇത് ദുരുപയോഗം ചെയ്യുമെന്നും തിരക്കുപിടിച്ചുണ്ടാക്കിയ ഭേദഗതിയിൽ ക്രമപ്രശ്നങ്ങളുണ്ടെന്നും പ്രതിപക്ഷവും ഭരണപക്ഷത്തെ ചില അംഗങ്ങളും ചൂണ്ടിക്കാട്ടി. ഇന്ത്യൻ പീനൽ കോഡിലെ 290,295 വകുപ്പുകൾ പരിഷ്ക്കരിച്ച് പുതിയ നിയമഭേദഗതിയിൽ ഉൾപ്പെടുത്തിയത് ആശയകുഴപ്പം ഉണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മാത്യു ടി.തോമസും ചൂണ്ടിക്കാട്ടി. ഇക്കാര്യം സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് വ്യക്തതവരുത്തണമെന്ന് സ്പീക്കർ റൂളിംഗ് നൽകി. നിയമം കൊണ്ടുവന്നാലും അത് പാലിക്കപ്പെട്ടില്ലെങ്കിൽ ഗുണമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഡോ.വന്ദനയ്ക്കുണ്ടായ ദുരനുഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചകളുണ്ടായെന്നും ചൂണ്ടിക്കാട്ടി. രോഗികൾക്ക് നീതിലഭിക്കാനും നിയമം ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പാക്കാനും നടപടിവേണമെന്ന് ഗണേശ്കുമാർ ആവശ്യപ്പെട്ടു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

ബില്ലിലെ വ്യവസ്ഥകൾ

 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും നിയമഭേദഗതി ഓർഡിനൻസിനു പകരമുള്ളതാണ് ബിൽ

 അക്രമത്തിനു പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ ആറുമാസം മുതൽ അഞ്ചുവർഷം വരെ തടവും അരലക്ഷം മുതൽ രണ്ടു ലക്ഷം രൂപവരെ പിഴയും

ദേഹോപദ്രവം ഏൽപ്പിക്കുന്നവർക്ക് ഒരു വർഷം മുതൽ ഏഴുവർഷം വരെ തടവും ഒരു ലക്ഷം മുതൽ അഞ്ചുലക്ഷം രൂപവരെ പിഴയും

നിയമപരിധിയിൽ പാരാമെഡിക്കൽ വിഭാഗം, സുരക്ഷാ ജീവനക്കാർ, മാനേജീരിയൽ സ്റ്റാഫ്, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരെയും ഉൾപ്പെടുത്തി

 കേസുകൾ ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഓഫീസർ അന്വേഷിക്കും. 60 ദിവസത്തിനകം അന്വേഷണവും സമയബന്ധിതമായി വിചാരണയും പൂർത്തിയാക്കും

 വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു പ്രത്യേക കോടതിയുണ്ടാകും. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കും