സിദ്ദിഖില്ലാതെ ഞാനില്ല: ലാൽ
കൊച്ചി: പുല്ലേപ്പടിയിൽ നിന്ന് ആരംഭിച്ചതാണ് ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര. 16 -ാംവയസിൽ തുടങ്ങിയ ആ യാത്രയിൽ ഇനി ഞാൻ മാത്രം. ജീവിതാവസ്ഥകളും സാഹചര്യങ്ങളും ഇത്രയും കാലത്തിനിടെ മാറി വന്നെങ്കിലും സ്നേഹത്തിനും സൗഹൃദത്തിനും ഒരു മാറ്റവുമുണ്ടായിട്ടില്ല. വ്യത്യസ്‌ത സ്വഭാവക്കാരായിരുന്നു ഞങ്ങൾ. ഇണക്കവും പിണക്കവും പതിവായിരുന്നു. എത്രയോ തവണ ചെറുതും വലുതുമായ കലഹങ്ങളുണ്ടായി. പിണങ്ങിയിരുന്നിട്ടുണ്ട്. ഇതൊന്നും വ്യക്തിപരമായുള്ള കലഹങ്ങളായിരുന്നില്ല. സിനിമയുടെയും കഥയുടെയും പേരിലുള്ളതായിരുന്നു. വഴക്കുകൾക്കൊടുവിൽ ശരിയുടെ പക്ഷത്ത് എല്ലാംതീരും. അങ്ങനെയുള്ള മനസുകളായിരുന്നു ഞങ്ങൾക്കെന്നതായിയിരുന്നു ഏറ്റവും വലിയ അനുഗ്രഹം.
ഞങ്ങൾക്കിടയിൽ ഈഗോ ഉണ്ടായിട്ടില്ല. ശരി ആരുടെ പക്ഷത്തായാലും അംഗീകരിക്കും. തർക്കങ്ങൾ പൊട്ടിച്ചിരിയിൽ അവസാനിക്കാറേയുള്ളൂ. വഴക്കിട്ട് പിരിയാനാവില്ലെന്ന് ഞങ്ങൾക്ക് ഇരുവർക്കും നന്നായി അറിയാമായിരുന്നു. കൂട്ടുപിരിഞ്ഞതിന് പിന്നിലും ഇതേ മനസ്സുതന്നെ. ഒന്നിച്ചെടുത്തതാണ് ആ തീരുമാനം. രണ്ടുപേർക്കും ഒരുപോലെ സ്വീകാര്യമായ, പരസ്പര ബഹുമാനത്തോടെ എടുത്ത തീരുമാനം. അതിന്റെ കാരണം തേടിയവർ ഒരുപാടുപേരുണ്ടായിരുന്നു. ഞാൻ നിർമ്മിച്ച സിനിമകൾ സിദ്ദിഖ് സംവിധാനം ചെയ്തപ്പോഴും പലർക്കും സംശയം തീർന്നിട്ടില്ലായിരുന്നു. ഈ ലോകത്തെ ഏറ്റവും നല്ല മനുഷ്യൻ. ആരെയും വേദനിപ്പിച്ചിട്ടില്ല. വിഷമങ്ങൾ സ്വയം ഉള്ളിലൊതുക്കി. ആരുടെയും കുറ്റങ്ങൾ പറഞ്ഞിട്ടില്ല. ഇത്രയും ശുദ്ധമനസ്സുള്ളവർ ഉണ്ടാകാനിടയില്ല. ലോകത്തെ ഏറ്റവും നല്ല സുഹൃത്ത്. അതായിരുന്നു സിദ്ദിഖ്. സിദ്ദിഖില്ലാത്ത ലോകം എനിക്ക് ചിന്തിക്കാനാവില്ല. ഇപ്പോൾ ഞാൻ ഒറ്റയ്ക്കായി.