കൊട്ടിയം എസ്.എൻ പോളിക്ക് കർഷക അവാർഡ്

Thursday 10 August 2023 12:54 AM IST

കൊല്ലം: ഇൻഫോസിസ് സഹ. സ്ഥാപകനും മുൻ സി.ഒയുമായ എസ്.ഡി.ഷിബുലാൽ മാതാപിതാക്കളുടെ പേരിൽ നൽകുന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷൻ അക്ഷയശ്രീ കർഷക അവാർഡ് കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിന്. 10000 രൂപയും ഫലകവുമാണ് അവാർഡ്. ആലപ്പുഴ മുഹമ്മയിൽ സെപ്തംബർ 9ന് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. കോളേജിനെ കേരളത്തിലെ ആദ്യ ഹരിത ക്യാമ്പസ് പോളിടെക്നിക് കോളേജായി സംസ്ഥാന സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നേച്ചർ ആൻഡ് അഗ്രിക്കൾച്ചർ ക്ലബ്, എൻ.സി.സി, എൻ.എസ്.എസ്, സ്റ്റാഫ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ. കൂടാതെ കാർഷിക യന്ത്രങ്ങൾ വികസിപ്പിക്കുന്നതിലും കോളേജ് നേതൃത്വം നൽകുന്നു. പ്രിൻസിപ്പൽ വി.സന്ദീപ്, നേച്ചർ ആൻഡ് അഗ്രികൾച്ചർ ക്ലബ്‌ കോ ഓർഡിനേറ്റർ അനീഷ്, എൻ.സി.സി ഓഫീസർ സനൽകുമാർ, രാഹുൽ, അരുൺ എന്നിവരാണ് നേതൃത്വം നൽകുന്നത്.