ശരണംവിളി ശബ്ദമലിനീകരണം, വനം വകുപ്പിനും പങ്കുണ്ട്, മന്ത്രിയുടെ വാദങ്ങൾ തള്ളി ദേവസ്വം പ്രസിഡന്റ്

Tuesday 09 July 2019 9:43 AM IST

കോട്ടയം : ശബരിമലയിലെത്തുന്ന തീർത്ഥാടകർ ശരണപാതയിലൂടെ സഞ്ചരിക്കുമ്പോൾ ശരണം വിളിക്കുന്നത് ശബ്ദ മലിനീകരണത്തിന് കാരണമാവുമെന്ന റിപ്പോർട്ടിൻ മേൽ വനം വകുപ്പിന് പങ്കില്ലെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. കഴിഞ്ഞ ദിവസം ശബരിമലയിലെ ദേവസ്വം വനം വകുപ്പ് ഭൂമികൾ സംബന്ധിച്ച് ചർച്ചചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിലാണ് വനം മന്ത്രി നിലപാട് വ്യക്തമാക്കിയത്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തിയ വിദ്യാർത്ഥിയുടെ ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളതെന്നും അതിലേക്ക് തന്റെ വകുപ്പിനെ വലിച്ചിഴയ്ക്കുകയാണെന്നുമായിരുന്നു മന്ത്രിയുടെ പക്ഷം. എന്നാൽ മന്ത്രിയുടെ വാദങ്ങളെ ദേവസ്വം മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ ഖണ്ഡിച്ചു. ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുള്ള റിപ്പോർട്ടിലാണ് ഈ വിവാദ പരാമർശമുള്ളതെന്നും, വനം വകുപ്പിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായ പഠത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തലുണ്ടായതെന്നും അദ്ദേഹം തുറന്നടിച്ചു. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ദേവസ്വം ബോർഡിന്റെ അഭിപ്രായം പ്രസിഡന്റ് വ്യക്തമാക്കി.

അതേ സമയം ശബരിമലയിലെത്തുന്ന ഭക്തരുടെ മനസിനെ വൃണപ്പെടുത്തുന്ന ഈ റിപ്പോർട്ടിനെതിരെ ജനരോഷം ഉയരുകയാണ്. ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ 89ാം പേജിലാണ് തീർത്ഥാടനത്തിനെതിരായ പരാമർശമുള്ളത്. ശബരിമലയിൽ 50 ലക്ഷം തീർത്ഥാടകർ ഒരുവർഷം എത്തുന്നതിനാൽ പെരിയാർ സങ്കേതത്തിലെ ജൈവവൈവിധ്യം ഭീഷണി നേരിടുന്നുവെന്നും, വിറകുശേഖരണം, താത്കാലിക ഷെഡ് നിർമാണത്തിന് കമ്പുവെട്ടുന്നത്, പ്ലാസ്റ്റിക് മാലിന്യം തള്ളൽ എന്നിവയും വനത്തിന് ദോഷമുണ്ടാക്കുന്നതായി റിപ്പോർട്ടിലുണ്ട്. ദേവസ്വം പ്രസിഡന്റ് അടക്കം രംഗത്തെത്തിയതോടെ ശബരിമലയ്‌ക്കെതിരായ ഒരു റിപ്പോർട്ടും വനംവകുപ്പ് നൽകിയിട്ടില്ലെന്ന വാദം പൊളിയുകയാണ്.


അതേ സമയം ശബരിമല തീർത്ഥാടകരുടെ ശരണമന്ത്രജപം ശബ്ദമലിനീകരണമുണ്ടാക്കുന്നതായി വനംവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചെന്ന വാർത്തകൾ വ്യാജവും അങ്ങേയറ്റം അപലപനീയവുമെന്ന് വനം വകുപ്പ് മന്ത്രി പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഒരു റിപ്പോർട്ട് തയ്യാറാക്കുകയോ കേന്ദ്രസർക്കാരിനോ ഏതെങ്കിലും ഏജൻസികൾക്കോ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്. ഗവേഷക വിദ്യാർത്ഥി പഠനം നടത്തുമ്പോൾ നിലവിലെ സർക്കാരായിരുന്നില്ല സംസ്ഥാനത്ത് ഭരണത്തിലുണ്ടായിരുന്നതെന്നും മന്ത്രി പത്രക്കുറിപ്പിൽ പറയുന്നു.

പമ്പാസന്നിധാനം റോപ്‌വേ അടക്കമുള്ള കാര്യങ്ങളിൽ വനംവകുപ്പും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനിടെയാണ് ഈ റിപ്പോർട്ടിനെ സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നത് . തീർത്ഥാടകർക്ക് അടിസ്ഥാനസൗകര്യമൊരുക്കാൻ വനംവകുപ്പ് തടസം നിൽക്കുന്നുവെന്നാണ് ബോർഡിന്റെ ആക്ഷേപം. സന്നിധാനത്ത് 60 ഏക്കറും പമ്പയിൽ 10 ഏക്കറും വനഭൂമിയാണ് വനംവകുപ്പ് ദേവസ്വം ബോർഡിന് പാട്ടത്തിന് നൽകിയിട്ടുള്ളത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള നടപടികളിലൂടെ ഭക്തരുടെ കടുത്ത എതിർപ്പാണ് സർക്കാർ നേരിടേണ്ടിവന്നത്. കഴിഞ്ഞ ലോക്സഭയിലേറ്റ കനത്ത തോൽവിക്ക് ശബരിമല വിഷയവും മുഖ്യകാരണമായി എന്നത് ഇടതുപക്ഷമുൾപ്പടെ ചർച്ച ചെയ്ത് കണ്ടെത്തിയതാണ്.