ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ അടിമുടി തട്ടിപ്പെന്ന് സി.എ.ജി
ന്യൂഡൽഹി:കുറഞ്ഞ വരുമാനക്കാർക്ക് വർഷം അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ ഇൻഷ്വറൻസ് നൽകുന്ന കേന്ദ്രസർക്കാരിന്റെ ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ (പ്രധാനമന്ത്രി ജന ആരോഗ്യ യോജന) കേരളത്തിൽ അടക്കം വൻ തട്ടിപ്പ് നടന്നതായി സി.എ.ജി കണ്ടെത്തി. ക്രമക്കേടുകൾ ദേശീയ, സംസ്ഥാന ആരോഗ്യ അതോറിറ്റികൾ അന്വേഷിക്കണമെന്നും പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിട്ടുണ്ട്.
ഗുണഭോക്താക്കളുടെ ഡാറ്റാബേസിൽ ഗുരുതരമായ പിശകുണ്ടെന്ന് സി. എ.ജി ചൂണ്ടിക്കാട്ടുന്നു. പല പേരുകളും വ്യാജം. ജനനത്തീയതികൾ തെറ്റ്. സാധുവല്ലാത്ത തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചു. ആനുകൂല്യം ലഭിക്കാൻ വേണ്ട 9 അക്ക ഐഡിക്ക് അടിസ്ഥാനമായ ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവയിലും തട്ടിപ്പ്. തമിഴ്‌നാട്ടിൽ ഏഴ് ആധാർ നമ്പറുകൾ ഉപയോഗിച്ച് 4761 രജിസ്‌ട്രേഷനുകൾ നടത്തി.
മരിച്ചവരുടെ പേരിലും ആനുകൂല്യം
രാജ്യത്ത് മരിച്ച 3,446 രോഗികളുടെ പേരിൽ 3,903 ക്ലെയിമുകളിലായി 6.97 കോടി രൂപ തട്ടിച്ചു. കേരളത്തിലാണ് ഈ തട്ടിപ്പ് ഏറ്റവും കൂടുതൽ - 966. ഇവരുടെ പേരിൽ 2.60 കോടി രൂപ ആശുപത്രികൾക്ക് കിട്ടി.
കേരളത്തിൽ മെഡിക്കൽ ഓഡിറ്റ്, മരണ കണക്കുകളുടെ ഓഡിറ്റ്, ഗുണഭോക്താക്കളുടെ ഒാഡിറ്റ്, ബെനിഫിഷ്യറി ഓഡിറ്റ്, പ്രീ-ഓഥറൈസേഷൻ ഓഡിറ്റ്, ക്ലെയിം ഓഡിറ്റ് എന്നിവ നടത്തിയില്ല.
ഒരേ കാലയളവിൽ ഒരു രോഗിയെ ഒന്നിലധികം ആശുപത്രികളിൽ പ്രവേശിപ്പിച്ചതിലും കേരളം മുന്നിലാണ്. 9632 കേസുകളിലായി 7011 രോഗികളുടെ പേരിലാണ് ഈ തട്ടിപ്പ്.
കേരളം കഴിഞ്ഞാൽ, മരിച്ചവരുടെ പേരിലുള്ള തട്ടിപ്പ് കൂടുതൽ മദ്ധ്യപ്രദേശ് ( 403), ഛത്തീസ്ഗഢ് ( 365 ), ജാർഖണ്ഡ് ( 250 ) എന്നീ സംസ്ഥാനങ്ങളിലാണ്.
രാജ്യത്ത് 7,49,820 ഗുണഭോക്താക്കൾ 9999999999 എന്ന തെറ്റായ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്‌തത്. 8888888888 എന്ന നമ്പരിൽ 1.39 ലക്ഷം പേർ. 9 ലക്ഷം പേരുടെ മൊബൈൽ നമ്പർ 3 ആണ്. ഗുണഭോക്താവിനെ തിരിച്ചറിയാനും മറ്റും നിർണായക ഉപാധിയായ മൊബൈൽ ഫോൺ നമ്പരിലാണ് ഈ തട്ടിപ്പ്.
രാജ്യത്താകെ പത്തു കോടിയിലേറെ പേരാണ് ഈ പദ്ധതിയിൽ ചേർന്നിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും പദ്ധതിയിൽ ചേർന്നിട്ടുള്ള സ്വകാര്യ ആശുപത്രികളിലും ചികിത്സയ്‌ക്ക് ഇൻഷ്വറൻസ് പരിരക്ഷ കിട്ടും.