പൊതുവിദ്യാലയങ്ങളിൽ 34.05 ലക്ഷം കുട്ടികൾ , 2 -10 വരെ ക്ലാസുകളിൽ പുതിയതായി എത്തിയത് 42,059 വിദ്യാർത്ഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മാത്രം 34,04,724 കുട്ടികൾ പഠിക്കുന്നെന്ന് മന്ത്രി വി.ശിവൻകുട്ടി. 2023 - 24 അക്കാഡമിക വർഷത്തിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 37,46,647 കുട്ടികളുണ്ട്. ഒന്നാം ക്ലാസിൽ 2,98,067 കുട്ടികൾ പ്രവേശനം നേടി. സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ മാത്രമായി 2,58,149 കുട്ടികളാണ് പ്രവേശനം നേടിയത്. രണ്ട് മുതൽ പത്തുവരെ ക്ലാസുകളിൽ പുതുതായി 42,059 കുട്ടികൾ പ്രവേശനം നേടി. ഈ അദ്ധ്യയന വർഷം സംസ്ഥാനത്ത് 19,089,82 ആൺകുട്ടികളും 18,376,65 പെൺകുട്ടികളുമാണ് പഠിക്കുന്നത്.
പ്ളസ് വൺ പ്രവേശനം നേടിയത് 4.11 ലക്ഷം പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെയുള്ള അലോട്ട്മെന്റുകൾ പൂർത്തീകരിച്ചപ്പോൾ പ്ലസ് വൺ പ്രവേശനം നേടിയത് 4,11,157 വിദ്യാർത്ഥികൾ. ഹയർസെക്കൻഡറിയിൽ 3,84,538 പേരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,619 പേരും പ്രവേശനം നേടിയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്നാം വർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിലാണ്. ജില്ലാ/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ പ്രകാരമുള്ള അലോട്ട്മെന്റ് 16ന് പ്രസിദ്ധീകരിക്കും. അന്നും അടുത്ത ദിവസവുമായി വിദ്യാർത്ഥികൾ പ്രവേശനം നേടണം. ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവുകൾ 19ന് പ്രസിദ്ധീകരിക്കും. പ്രസ്തുത ഒഴിവുകളിലേക്ക് അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവരെ സ്പോട്ട് അഡ്മിഷന് പരിഗണിക്കാൻ ഓൺലൈനിൽ അപേക്ഷ നൽകാം. പ്രവേശന നടപടികൾ 21ന് വൈകിട്ട് അഞ്ചിനകം പൂർത്തിയാക്കാൻ കഴിയും. വൈകി പ്രവേശനം നേടിയവർക്ക് നഷ്ടമായ പാഠഭാഗങ്ങൾ വൈകുന്നേരങ്ങളിലും ശനിയാഴ്ചകളിലും പ്രത്യേക ക്ലാസുകൾ ക്രമീകരിച്ച് നൽകുമെന്ന് മന്ത്രി പറഞ്ഞു.