പാർട്ടിയുടെ തീപ്പൊരി ഇന്ന് കുരുന്നുകളുടെ കളിത്തോഴൻ
പ്രീ സ്‌കൂളുമായി മുൻ എം. എൽ. എ ജെയിംസ് മാത്യു
കണ്ണൂർ: കണ്ണൂരിൽ സി.പി.എമ്മിന്റെ തീപ്പൊരി നേതാവും എം.എൽ.എയുമായിരുന്ന ജെയിംസ് മാത്യു ഇപ്പോൾ അണികൾക്ക് ആവേശം പകരുന്നില്ല. പകരം, കുരുന്നുകൾക്ക് വാത്സല്യം പകരുന്നു. കണ്ണൂർ തളാപ്പ് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിന് സമീപം 'ബേബി റൂട്ട്സ് എന്ന പ്രീ സ്‌കൂളാണ് പുതിയ കർമ്മരംഗം.
സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് സ്വയം പിൻവാങ്ങി ജില്ലാ കമ്മിറ്റി അംഗം മാത്രമായി. അടുത്തുള്ള സ്ഥലം വാങ്ങി പ്രീ - സ്‌കൂൾ തുടങ്ങുകയായിരുന്നു. മകൾക്ക് ഒരു കുഞ്ഞു പിറന്നതോടെയാണ് കുഞ്ഞുങ്ങളുടെ പഠനത്തിലേക്ക് തിരിഞ്ഞത്.
പുസ്തകങ്ങളില്ലാതെ കുഞ്ഞുങ്ങൾക്ക് അറിവിന്റെ ലോകം തുറക്കുന്ന ഫിൻലൻഡ് മോഡൽ പഠനം യാഥാർത്ഥ്യമാക്കി. ചെറുമകൾ ആദ്യ വിദ്യാർത്ഥി. പിന്നാലെ മറ്റു കുട്ടികൾ വന്നു.വിദ്യാഭ്യാസ സമ്പ്രദായം മാറ്റിയാൽ കുട്ടികളുടെ ലോകം കൂടുതൽ മനോഹരമാകുമെന്ന് ജെയിംസ് പറയുന്നു.
രണ്ടുവട്ടം തളിപ്പറമ്പ് എം.എൽ.എ ആയിരുന്ന അദ്ദേഹം
46 വർഷത്തെ സജീവ രാഷ്ട്രീയത്തിൽ നിന്നാണ് അറുപതാം വയസിൽ വഴി മാറി നടക്കുന്നത്. ഇപ്പോൾ, പഠനത്തിനും യാത്രകൾക്കും സമയം ഉണ്ട്.നൂതന ആശയങ്ങളോടെയുള്ള അഗ്രി ബിസിനസും മനസിലുണ്ട്. കർണാടകത്തിലും തമിഴ്നാട്ടിലും ഭൂമി കണ്ടെത്തി. കേരളത്തിൽ കൃഷി സംസ്‌കാരമായിട്ടില്ല. അതുകൊണ്ടാണ് കർണാടകത്തെയും തമിഴ്നാടിനെയും ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജെയിംസിന്റെ വഴിയേ കേരളം?
ജെയിംസ് മാത്യു എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ, പ്രസിഡന്റായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പ് ഫിൻലൻഡ് മോഡൽ വിദ്യാഭ്യാസ രീതി പഠിക്കുകയാണ്. ആ മാതൃക സ്വീകരിച്ച ജെയിംസിന്റെ ബേബി റൂട്ട്സ് മന്ത്രി ശിവൻ കുട്ടി സന്ദർശിച്ചിരുന്നു.
സംഘടനാപരമായ വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനൊപ്പം മനസ്സിലെ പദ്ധതികളുമായി മുന്നോട്ടുപോകാനാവില്ല. എന്റെ ചിന്തകൾ പാർട്ടിയെ ബോധ്യപ്പെടുത്താൻ സാധിച്ചു.
- ജെയിംസ് മാത്യു