ഓണക്കിറ്റ് മഞ്ഞ കാർഡിനു മാത്രം
Sunday 13 August 2023 4:42 AM IST
തിരുവനന്തപുരം: ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് എ.എ.വൈ (മഞ്ഞ) കാർഡ് ഉടമകൾക്കും അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലുള്ളവർക്കുമായി ചുരുക്കി. 5.87 ലക്ഷം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അൻപതിനായിരത്തോളം അന്തേവാസികൾക്കും ഓണക്കിറ്റ് ലഭിക്കും. 500 രൂപ വില വരുന്ന 14 സാധനങ്ങൾ കിറ്റിലുണ്ടാകും. ഭക്ഷ്യ വകുപ്പ് വിളിച്ചുചേർത്ത യോഗത്തിൽ മഞ്ഞ കാർഡുകാർക്ക് സൗജന്യമായി കിറ്റ് വിതരണം ചെയ്യാമെന്ന് റേഷൻ വ്യാപാരി പ്രതിനിധികൾ അറിയിച്ചു. അതേസമയം, മുൻപ് കിറ്റുകൾ വിതരണം ചെയ്തതിന്റെ കമ്മിഷൻ കുടിശ്ശിക ആവശ്യപ്പെട്ടു. കമ്മിഷൻ നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുമെന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. എൽ.പി.ജി സിലിണ്ടറും മിൽമ ഉത്പന്നങ്ങളും ഉൾപ്പെടെ വിൽക്കുന്ന കെ സ്റ്റോറുകളുടെ എണ്ണം വ്യാപിപ്പിക്കും.