'സത്യം ഒരിക്കൽ പുറത്ത് വരും': ആന്തൂർ വിഷയത്തിൽ ചെയർപേഴ്‌സൺ പി.കെ ശ്യാമള
കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യാ ചെയ്ത വിഷയത്തിൽ സത്യം ഒരിക്കൽ പുറത്ത് വരുമെന്ന് പറഞ്ഞ് നഗരസഭാ ചെയർപേഴ്‌സൺ പി.കെ ശ്യാമള. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന വിരുദ്ധമാണെന്നും പി.കെ ശ്യാമള പറഞ്ഞു. സാജന്റെ ആത്മഹത്യ അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് തന്റെ മൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.കെ ശ്യാമള.
സാജന്റെ ആത്മഹത്യയിൽ തനിക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തോട് താൻ പറഞ്ഞതെന്നും ശ്യാമള വെളിപ്പെടുത്തി. ശ്യാമളയ്ക്ക് മുൻപ് നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. നർക്കോർട്ടിക്‌സ് ഡി.വൈ.എസ്.പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
എന്നിരുന്നാലും ശ്യാമളയ്ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തണമെന്നാണ് സാജന്റെ കുടുംബം ഇപ്പോഴും ആവശ്യപ്പെടുന്നത്.സാജന്റെ സ്ഥാപനത്തിന് ഇതിനോടകം പ്രവർത്തനാനുമതി നൽകിയിട്ടുണ്ട് . സ്ഥാപനത്തിലെ ഒന്നൊഴികെയുള്ള എല്ലാ ചട്ടലംഘനങ്ങളും പരിഹരിച്ചിട്ടുണെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടത്തിലെ അപാകതകൾ പരിഹരിച്ച ശേഷമുള്ള രൂപരേഖ പാർത്ഥ കൺവെൻഷൻ സെന്ററിന്റെ ഉടമകൾ നഗരസഭയ്ക്ക് സമർപ്പിച്ചിട്ടുണ്ട്.