മഞ്ചസ്റ്ററിൽ മഴക്കളി തുടരുന്നു: ഓവർ വെട്ടിച്ചുരുക്കിയേക്കും, ഇന്ത്യയുടെ സാദ്ധ്യത ഇങ്ങനെ

Tuesday 09 July 2019 9:49 PM IST

മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ന്യൂസിലൻഡ് സെമി മത്സരത്തിന് തടസമായി പെയ്തിറങ്ങിയ മഴ തുടരുന്നു. മഴ വില്ലനായെത്തിയതോടെ മത്സരം ഇപ്പോൾ തന്നെ മൂന്ന് മണിക്കൂർ വൈകിയിരിക്കുന്നു. ഇനി മഴ തോർന്ന് മത്സരം പുനരാരംഭിച്ചാലും ഓവർ വെട്ടിച്ചുരുക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയ്ക്ക് 20 ഓവറെങ്കിലും ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചാൽ മാത്രമേ ഇന്ന് മത്സരം നടത്തൂ. അല്ലെങ്കിൽ നാളെ മത്സരം പുനരാരംഭിക്കുകയാണ് ചെയ്യുക. ഇനി നാളെയും മത്സരം നടന്നില്ലെങ്കിൽ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കും. നിലവിലെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാമതുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു ആനുകൂല്യം ലഭിക്കുക.

ന്യൂസിലൻഡ് 46.1ഓവറിൽ 211 റൺസെത്തി നിൽക്കുന്നതിനിടെയാണ് മഴ വന്നത്. അർദ്ധസെഞ്ച്വറിയുമായി റോസ് ടെയ്‍ലർ (67), ടോം ലാഥം (മൂന്ന്) എന്നിവർ ക്രീസിലുള്ളപ്പോഴാണ് മഴ എത്തിയത്. മാച്ച് റഫറിയിൽ നിന്ന് അറിയിപ്പ് വന്നാൽ മാത്രമേ കളിയുടെ കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. നാളെ റിസർവ് ദിനമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ന് കളി നടത്താനാണ് ഐ.സി.സി ആഗ്രഹിക്കുന്നത്. ഇനി കളി ഇന്ന് നടന്നില്ലെങ്കിലും ഇന്ത്യയുടെ വിജയലക്ഷ്യം എത്രയായിരിക്കുമെന്നതാണ് നിർണായകമാവുക.

ഇതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് സ്ഥിതിവിവര കണക്ക് വിദഗ്ധൻ മോഹൻദാസ് മേനോൻ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 20 ഓവർ വരെ മത്സരം ചുരുക്കിയാലുള്ള വിജയലക്ഷ്യങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ന്യൂസിലൻഡിന്റെ സ്‌കോർ ഇപ്പോൾ ഉള്ളതിൽ അവസാനിച്ചാൽ 46 ഓവറിൽ ഇന്ത്യൻ വിജയലക്ഷ്യം 237 റൺസായിരിക്കും. 40 ഓവറായി കളി ചുരുങ്ങിയാൽ ലക്ഷ്യം 223 ആകും. 35 ഓവറായാൽ 209, 30 ഓവറായാൽ 192, 25 ഓവറായാൽ 172, 20 ഓവറായാൽ 148 എന്നിങ്ങനെയാണ് കണക്കുകൾ.