ഗണപതി  വിവാദം  പുതുപ്പള്ളിയിൽ  പ്രതിഫലിക്കും; എൻ എസ് എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്ന് ജി സുകുമാരൻ നായർ

Monday 14 August 2023 12:53 PM IST

കോട്ടയം: ഗണപതി വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. ജെയ്‌ക് വന്നപ്പോൾ സ്വീകരിച്ചത് സ്ഥാനാർത്ഥിയായതുകൊണ്ടാണ്. തന്നെ പോപ്പെന്ന് വിളിക്കുന്നത് അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.


'ഗണപതി വിവാദം തുടർന്ന് കഴിഞ്ഞാൽ ശബരിമല വിഷയം പോലുള്ള രീതിയിലേയ്ക്ക് മാറുമെന്ന ഭയം സർക്കാരിനുണ്ട്. എൻഎസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. നിലപാടിൽ ഒരു മാറ്റവുമില്ല. അതിനെ നേരിടുന്ന രീതിയിൽ അയവുവരുത്തിയിട്ടുണ്ട്. പ്രകോപനപരമല്ലാത്ത രീതിയിൽ സമാധാനപരമായി ഈ വിഷയം കൈകാര്യം ചെയ്ത് അവസാനിപ്പിക്കണമെന്നാണ് എൻഎസ്എസ് ആഗ്രഹിക്കുന്നത്. ഒരു മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവന്റെ വിശ്വാസമാണ്. ശാസ്ത്രമൊക്കെ അത് കഴിഞ്ഞേയുള്ളു.'

'ഷംസീർ ഇതുവരെ ഈ വിഷയത്തിൽ എന്നോട് സംസാരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് സമയമാകുമ്പോൾ എല്ലാ സ്ഥാനാർത്ഥികളും വരാറുണ്ട്. ജനാധിപത്യം പുലരണമെങ്കിൽ ഇവിടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വളരണം. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളർന്നാൽ മാത്രമേ നമ്മുടെ രാജ്യത്ത് നീതി നടപ്പാകൂ. അതിനാൽ എല്ലാ പാർട്ടികളെയും ഒരുപോലെയാണ് കാണുന്നത്. പോപ്പെന്ന് വിളിക്കുന്നത് അവഹേളനമായിട്ടാണ് കാണുന്നത്. '- ജി സുകുമാരൻ നായർ പറഞ്ഞു.