ഉമ്മന്‍ചാണ്ടി ഒരു ദീപ്ത സ്മരണ

Monday 14 August 2023 3:55 PM IST

കേരളീയര്‍ പൊതുവെ വൈകാരികമായ പ്രകടനപരത തീരെയില്ലാത്തൊരു ജനസമൂഹമാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര താരങ്ങളോടും രാഷ്ട്രീയ നേതാക്കന്മാരോടുമൊക്കെ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കാട്ടുന്ന അമിത ആരാധനയോ വൈകാരിക വായ്പുകളോ മലയാളികള്‍ പ്രകടിപ്പിക്കാറില്ല. എന്നാല്‍ അത്തരം മുന്‍ധാരണകളൊക്കെ തിരുത്തുംവിധമായിരുന്നു മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി എം. എല്‍.എയുമായ ഉമ്മന്‍ചാണ്ടിയുടെ ദേഹവിയോഗത്തില്‍ കേരളം കണ്ട ദൃശ്യങ്ങള്‍. കേരള ചരിത്രത്തില്‍ ഏതെങ്കിലും ഒരു വ്യക്തിയുടെയോ നേതാവിന്റെയോ വിടവാങ്ങലില്‍ ജനസഞ്ചയം രാപകൽ ഭേദമില്ലാതെ വിലാപയാത്രയില്‍ ഇങ്ങനെ പങ്കെടുത്തിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ജാതിമത രാഷ്ട്രീയ ലിംഗഭേദമില്ലാതെ ആബാലവൃദ്ധം ജനങ്ങള്‍ ഒരു നേതാവിന് യാത്രാമൊഴിയര്‍പ്പിച്ച രംഗങ്ങള്‍ നമ്മുടെ പലവിധ മുന്‍വിധികളെയും മാറ്റിമറിക്കുന്നതായിരുന്നു.

ആറ് പതിറ്റാണ്ടുനീണ്ട ഉമ്മന്‍ചാണ്ടിയുടെ പൊതുപ്രവര്‍ത്തനത്തെ വിലയിരുത്തിയാല്‍ അദ്ദേഹത്തോളം തന്ത്രജ്ഞനായ ,കൂര്‍മ്മബുദ്ധിയായ ഒരു രാഷ്ട്രീയക്കാരനെ കണ്ടെത്തുക എളുപ്പമല്ല. അതേസമയം, ജനപ്രതിനിധിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി അതിരുകളില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരെ ഇഷ്ടപ്പെടുകയും പരാതികളും ആവശ്യങ്ങളും കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്തു. അപാരമായ ക്ഷമാശീലം അദ്ദേഹത്തെ മറ്റ് രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ജനപ്രതിനിധികളും നേതാക്കളും എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കുകയായിരുന്നു അദ്ദേഹം സ്വജീവിതത്തിലൂടെ.

കമ്മ്യൂണിസ്റ്റുകാര്‍ക്ക് മേല്‍ക്കൈയുണ്ടായിരുന്ന മണ്ഡലമായ പുതുപ്പള്ളിയില്‍ കന്നിമത്സരത്തിനിറങ്ങുമ്പോള്‍ അന്ന് ആരും ധരിച്ചിരിക്കില്ല ഒരു ലോക റെക്കോഡ് രചിക്കാന്‍ എത്തിയതാണ് ഈ യുവാവെന്ന്. 1970ല്‍ പുതുപ്പള്ളിയില്‍ ആരംഭിച്ച ആ ജൈത്രയാത്ര 2021 വരെയും തുടര്‍ന്നു. 12 എതിര്‍സ്ഥാനാര്‍ത്ഥികളാണ് ഇതിനിടയില്‍ ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. അദ്ദേഹം കേരളത്തിന്റെ ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും വരെയായി. അപ്പോഴും ജനബന്ധം നന്നായി സൂക്ഷിച്ചു. ഓരോ സ്ഥാനംവഹിച്ചപ്പോഴും ഭരണനേട്ടങ്ങള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.

1977ല്‍ 15 ലക്ഷം പേര്‍ക്ക് തൊഴിലില്ലായ്മ വേതനം അനുവദിച്ചത്, ചുമട്ടുത്തൊഴിലാളി ക്ഷേമനിയമം പ്രാവര്‍ത്തികമാക്കിയത്, സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റിംഗ് പദ്ധതി, മാരകരോഗങ്ങള്‍ ബാധിച്ച നിര്‍ദ്ധനര്‍ക്കുള്ള കാരുണ്യ ചികിത്സാപദ്ധതി, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ കൊച്ചി സ്മാര്‍ട്ട് സിറ്റിയുമായി സഹകരിപ്പിച്ചത്, ഇ. ശ്രീധരനെ മെട്രോറെയിലിന്റെ സാരഥിയാക്കിയത്, ആലപ്പുഴ ബൈപാസ്, തുഞ്ചത്തെഴുത്തച്ഛന്‍ സര്‍വകലാശാല സ്ഥാപനം, മലയാളം ഒന്നാം ഭാഷയാക്കികൊണ്ടുള്ള ഉത്തരവ് ഇങ്ങനെ എത്രയെങ്കിലും ഭരണനേട്ടങ്ങള്‍ ഉമ്മന്‍ചാണ്ടിയുടേതായി എടുത്തുകാട്ടാനുണ്ട്. ഉമ്മൻ ചാണ്ടി തുടങ്ങിവച്ച ജനസമ്പര്‍ക്ക പരിപാടി അദ്ദേഹത്തിന് യു.എന്‍. പുരസ്‌കാരം വരെ നേടിക്കൊടുത്തു. പല ഭരണാധികാരികളും അത് മാതൃകയാക്കുകയും ചെയ്തു.

സോളാര്‍ കേസില്‍ എതിര്‍രാഷ്ട്രീയക്കാരും സ്വന്തം പാര്‍ട്ടിയിലുള്ളവരും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ കുരുക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം കാട്ടിയ സംയമനവും സമചിത്തതയും അവിസ്മരണീയമാണ്. ക്രൈംബ്രാഞ്ചും സിബിഐയും തെളിവുകളൊന്നും കണ്ടെത്താനാകാതെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയപ്പോഴും അദ്ദേഹം നിസ്സംഗനായി തന്നെ തുടര്‍ന്നു. ആരോടും നീരസമോ ഇഷ്ടക്കേടോ കാട്ടിയില്ല. ഇത്തരം ഗുണവിശേഷങ്ങളായിരിക്കണം ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയഭേദമന്യേ ജനമനസില്‍ കുടിയിരുത്തിയത്.

ഉമ്മന്‍ചാണ്ടിയുടെ വിയോഗം പ്രവാസികള്‍ക്ക് പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളെ സംബന്ധിച്ച് ഒരു തീരാനഷ്ടമാണ്. ഓരോ പ്രവാസി മലയാളിയുടെയും പ്രശ്‌നങ്ങളെ മനസിലാക്കാനും പരിഹരിക്കാനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിരുന്നു. മരണവാര്‍ത്ത അറിഞ്ഞ അന്ന് വൈകുന്നേരം അമേരിക്കയിലെ വിവിധ നഗരങ്ങളിൽ മലയാളി കൂട്ടായ്മകള്‍ പ്രിയനേതാവിനോടുള്ള ആദരവും സ്‌നേഹവും അനുശോചനയോഗത്തില്‍ വ്യക്തമാക്കി. കേരളത്തിലെന്നപോലെ യു.എസിലും ഈ നേതാവിന്റെ വേര്‍പാടില്‍ അനുശോചിക്കാന്‍ മലയാളികളുടെ വലിയ സംഘങ്ങളാണ് ഒത്തുചേര്‍ന്നത്.

2018-20 കാലയളവില്‍ അമേരിക്കന്‍ മലയാളികളുടെ മാതൃകാസംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന ഞാന്‍ സാരഥ്യം ഒഴിഞ്ഞ് പുതിയ ഭാരവാഹികള്‍ക്ക് അധികാരം കൈമാറിയ ന്യൂജഴ്‌സി സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിയും ഓൺലൈൻ മീറ്റിൽ പങ്കെടുത്തിരുന്നു.അദ്ദേഹമായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. "അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും പ്രവാസി സംഘടനകള്‍ക്ക് മാതൃകയാണെന്നും തുടര്‍ന്നും ഫൊക്കാന കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ക്കിടയില്‍ സജീവമാകട്ടെ " എന്നും അദ്ദേഹം ആശംസിക്കുകയുണ്ടായി.

ലോകത്തെ കോവിഡ് ഗ്രസിച്ച ആ സമയത്ത് കേരളത്തിനായി ഫൊക്കാന നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സൗജന്യ പാര്‍പ്പിട പദ്ധതികളുടെയും പേരില്‍ സ്വകാര്യമായി എന്നെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്യുകയുണ്ടായി. അദ്ദേഹത്തോടൊപ്പം പലവട്ടം ഒന്നിച്ച് ചെലവഴിക്കാനായ ഊഷ്മളമായ നിമിഷങ്ങള്‍ ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യന്റെ വ്യക്തിത്വത്തെക്കുറിച്ച് മായാത്ത മുദ്രകളാണ് മനസില്‍ പതിപ്പിച്ചത്. ഒരു പൊതുസേവകന്‍ എങ്ങനെയാകണം എന്ന ഉദാത്തമാതൃകയായി ഉമ്മന്‍ചാണ്ടി ജനമനസില്‍ എക്കാലവും ജീവിക്കും.

* ( ഫൊക്കാന മുൻ പ്രസിഡന്റും നാമം (യു.എസ്.എ) ചെയർമാനുമാണ് ലേഖകൻ)