'ഇന്ത്യൻ പെലെ' , ഫുട്‌ബാൾ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു , ഓർമ്മയായത് പെലെയെയും വിസ്മയിപ്പിച്ച ഫുട്ബാളർ
ഹൈദരാബാദ് :1970കളിലെ ഇന്ത്യൻ ഫുട്ബാളിന്റെ ആവേശമായിരുന്ന മിഡ്ഫീൽഡർ മുഹമ്മദ് ഹബീബ് അന്തരിച്ചു. 74 വയസായിരുന്നു .1977ൽ ഇന്ത്യൻ പര്യടനത്തിനെത്തിയ പെലെയുടെ ബ്രസീലിയൻ ക്ളബ് കോസ്മോസിനെതിരെ ഗോളടിച്ച് ചരിത്രം കുറിച്ച ഹബീബ് കഴിഞ്ഞ കുറച്ചുനാളായി രോഗശയ്യയിലായിരുന്നു. കുറച്ചുനാളായി പാർക്കിൻസൺസ് രോഗവും ഓർമ്മക്കുറവും അലട്ടിയിരുന്ന ഇദ്ദേഹം ഹൈദരാബാദിലെ വസതിയിലാണ് അന്തരിച്ചത്. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.
മോഹൻ ബഗാൻ,ഇൗസ്റ്റ് ബംഗാൾ, മൊഹമ്മദൻ സ്പോർട്ടിംഗ് എന്നീ മുൻ നിര കൊൽക്കത്തൻ ക്ളബുകളുടെ കുപ്പായമണിഞ്ഞ ഹബീബ് അക്കാലത്തെ ഇന്ത്യൻ ഫുട്ബാളിന്റെ ആവേശമായിരുന്നു. 1970ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ സെയ്ദ് നയീമുദ്ദീൻ നയിച്ച ടീമിൽ അംഗമായിരുന്നു ഇദ്ദേഹം. കളിക്കളത്തിലെ മികച്ച പ്രകടനത്തിന്റെ പേരിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചിട്ടും ടാറ്റ ഫുട്ബാൾ അക്കാഡമിയിലെ പരിശീലകനായി കളിക്കളത്തിൽ തുടരുകയായിരുന്നു. പിന്നീട് ഹൽദിയയിലെ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ അക്കാദമിയിലെ കോച്ചായി.
1977ൽ ഈഡൻ ഗാർഡൻസിലായിരുന്നു പെലെയുടെ കോസ്മോസും ബഗാനും തമ്മിലുള്ള സൗഹൃദ മത്സരം. അന്ന് കോസ്മോസിനെ 2-2ന് ബഗാൻ സമനിലയിൽ തളച്ചിരുന്നു. ബഗാന് വേണ്ടി ഗോൾ നേടിയ ഹബീബിന്റെ പ്രകടനത്തെ മത്സരശേഷം പേരെടുത്ത് പറഞ്ഞ് പെലെ അഭിനന്ദിച്ചിരുന്നു.