ഇത്തവണ ഓണക്കിറ്റ് മഞ്ഞകാർഡ് ഉടമകൾക്ക് മാത്രം; മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

Wednesday 16 August 2023 2:12 PM IST

തിരുവനന്തപുരം: ഈ വർഷം ഓണത്തിന് സംസ്ഥാനത്തെ എ എ വൈ (അന്ത്യോദയ അന്ന യോജന) കാർഡ് ഉടമകൾക്കും (മഞ്ഞകാർഡ്) ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കാനും നിശ്ചയിച്ചു. 6,07,691 കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് 20,000 കിറ്റുകളാണ് നൽകുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശു അണ്ടി പരിപ്പ്, വെളിച്ചെണ്ണ,സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

ഒപ്പം ആലപ്പുഴ, മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലാ കളക്ടറേറ്റുകളിലെ നാല് ലാൻഡ് അക്വിസിഷൻ വിഭാഗത്തിനായി അനുവദിച്ചിട്ടുള്ള 31.03.2021 വരെ തുടർച്ചാനുമതി നൽകിയിട്ടുള്ളതുമായ 20 താൽക്കാലിക തസ്‌തികകൾക്ക് 01.04.2021 മുതൽ 31.03.2024 വരെ തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായി അഡ്വ. കെ. വി. മനോജ് കുമാറിനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.