സാധനം ഒന്ന്, വാങ്ങാൻ റേഷൻ കടയിൽ എത്തുന്നവർ നാല് സഞ്ചികൾ കൈയിൽ കരുതേണ്ട അവസ്ഥ
ആലപ്പുഴ : ഓണക്കാലത്ത് അരിവില ഇനിയും ഉയരാൻ സാദ്ധ്യത. റേഷൻ കടകളിലെ അരിക്ഷാമം പരിഹരിക്കാത്തത് പൊതുവിപണിയിലെ വർദ്ധനയ്‌ക്ക് കാരണമാകുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. കേന്ദ്രവിഹിതമായി ഇത്തവണ ലഭിച്ച അരിയുടെ 70 ശതമാനവും പച്ചരിയാണ്. എന്നാൽ, കാർഡുടമകൾക്ക് ആവശ്യം പുഴുക്കലരിയും കുത്തരിയുമാണ്.
സംസ്ഥാനത്തെ ഗോഡൗണുകളിൽ കുത്തരിയുടെയും പുഴുക്കലരിയുടെയും സ്റ്റോക്ക് കുറവാണ്. സ്‌പെഷ്യൽ വാങ്ങാൻ റേഷൻ കടകളിലെത്തുന്നവർക്ക് അഞ്ചുകിലോ പുഞ്ചയരിയാണ് നൽകുന്നത്. ഇതോടെ ഓണം ഉണ്ണാൻ പൊതുവിപണിയിൽ നിന്ന് വലിയ വിലകൊടുത്ത് അരിവാങ്ങേണ്ട അവസ്ഥയിലാണ്.
എല്ലാകാർഡ് ഉടമകൾക്കും സ്‌പെഷ്യൽ പുഴുക്കലരി കിലോയ്ക്ക് 10.90 രൂപനിരക്കിൽ ലഭ്യമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. പുഴുക്കലരി, പുഞ്ചഅരി, പച്ചരി എന്നിങ്ങനെ കാർഡുടമകൾക്ക് ഏതും ചോദിച്ചുവാങ്ങാമെന്നും ഭക്ഷ്യവകുപ്പ് പറയുന്നു. എന്നാൽ റേഷൻ കടയിലെത്തുന്നവർ നാലു സഞ്ചികൾ കൈയിൽ കരുതണമെന്നാണ് കാർഡ് ഉടമകൾ പറയുന്നത്.
അരിവിഹിതം
എ.എ.വൈവിഭാഗത്തിന്
ആകെ 30 കിലോ അരി
20 കിലോ പുഞ്ചയരി
7കിലോ പച്ചരി
3കിലോ പുഴുക്കലരി
നീല കാർഡുകാർക്ക്
അരിവിഹിതം 4 കി.ഗ്രാം
3കി.ഗ്രാം പുഞ്ചയരി
1 കി.ഗ്രാം പുഴുക്കലരി
വെള്ള കാർഡുകാർക്ക്
പുഴുക്കലരി 500 ഗ്രാം
പഞ്ചസാര കിട്ടാനില്ല, ആട്ട മുടങ്ങി
മഞ്ഞ കാർഡുകാർക്കുള്ള പഞ്ചസാര റേഷൻ കടകളിലെത്തിയിട്ടില്ല
പഞ്ചസാര കിട്ടിയിട്ട് രണ്ട് മാസമായെന്ന് മഞ്ഞ കാർഡുടമകൾ
ഓണത്തിന് രണ്ടുകിലോ പഞ്ചസാര നൽകുമെന്ന് പ്രഖ്യാപനമുണ്ട്.
വെള്ള, നീല കാർഡുകാർക്കുള്ള ആട്ടയും ഈ മാസം എത്തിയിട്ടില്ല
കാർഡ് ഒന്നിന് രണ്ടുകിലോ വരെ ആട്ട നൽകാനാണ് നിർദ്ദേശം
മുൻമാസങ്ങളിൽ നാലുകിലോ വരെ ആട്ട ലഭിച്ചിരുന്നു
ജില്ലയിലെ റേഷൻ കടകളിൽ വിതരണത്തിന് ആവശ്യമായ അരി സ്റ്റോക്കുണ്ടെങ്കിലും പുഴുക്കലരിയുടെ കുറവ് കാർഡുടമകളെ വലയ്ക്കുന്നുണ്ട്. അഞ്ചുകിലോ അരിവാങ്ങാൻ മൂന്ന് സഞ്ചിയുമായി എത്തേണ്ട ഗതികേടിലാണ്. തൂക്കത്തിലെ നഷ്ടം വേറെയും
- എൻ.ഷിജീർ, ജില്ലാ സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ.