ചലച്ചിത്ര അവാർഡ്: അപ്പീലും തള്ളി
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം റദ്ദാക്കണമെന്ന ഹർജി തള്ളിയതിനെതിരെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും തെളിവുകളില്ലെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ആശിഷ്. ജെ ദേശായി, ജസ്റ്റിസ് വി.ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്. ലിജീഷ് സംവിധാനം ചെയ്ത 'ആകാശത്തിനു താഴെ" എന്ന ചിത്രം അവാർഡിന് സമർപ്പിച്ചിരുന്നെങ്കിലും പ്രാഥമിക സമിതിയുടെ പരിശോധനയിൽ തന്നെ ഒഴിവാക്കിയിരുന്നു. ഇന്നലെ അപ്പീൽ പരിഗണിച്ചപ്പോൾ ചിത്രത്തിന്റെ നിർമ്മാതാവ് എവിടെയെന്നും ഹർജിക്കാരനുള്ള പരാതി നിർമ്മാതാവിന് ഇല്ലേയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. അക്കാഡമി ചെയർമാൻ അനധികൃതമായി ഇടപെട്ടതിനും ലംഘിച്ചതിനും തെളിവ് എവിടെയെന്നും ചോദിച്ചു.